സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ ബ്രിട്ടണിൽ നിന്ന് എത്തി, വിദേശ വനിത നേരിട്ടത് ക്രൂരപീഡനം
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ കാണാനായി എത്തിയ ബ്രിട്ടീഷുകാരി പീഡനത്തിനിരയായ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. ഡൽഹിയിലെ മഹിപാൽപൂരിലെ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. കൈലാഷ്, വസീം എന്നീ യുവാക്കളാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മഹാരാഷ്ട്രയിലും ഗോവയിലും അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി.
യുവതി ഇന്ത്യയിൽ എത്തിയ വിവരം കൈലാഷിനെ അറിയിക്കുകയും കാണാൻ വരാൻ പറയുകയും ചെയ്തു. എന്നാൽ വരാൻ കഴിയില്ലെന്ന് കൈലാഷ് യുവതിയെ അറിയിക്കുകയായിരുന്നു. യുവതിയോട് ഡൽഹിയിൽ എത്താനും യുവാവ് ആവശ്യപ്പെട്ടു. അങ്ങനെയാണ് ചൊവ്വാഴ്ച യുവതി മഹിപാൽപൂരിൽ യുവതി എത്തിയത്. കൈലാഷ് സുഹൃത്തായ വസീമിനോടൊപ്പമാണ് ഹോട്ടൽ മുറിയിൽ എത്തിയത്. തുടർന്ന് യുവാക്കൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
തൊട്ടടുത്ത ദിവസം വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് ബ്രിട്ടീഷ് ഹൈകമ്മീഷനെ അറിയിക്കുകയും ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കൈലാഷ്. യുവാവിന് ഇംഗ്ലീഷ് ഭാഷ അറിയില്ലെന്നും ഗൂഗിൾ ട്രാൻസിലേറ്റർ വഴിയാണ് ആശയവിനമയം നടത്തിയിരുന്നതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
അടുത്തിടെ ബംഗളൂരുവിലെ ഒരു ഹോട്ടലിന്റെ ടെറസിൽ വച്ചും ഡൽഹി സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ നാല് ജിവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. കോറമംഗലയിലെ ഒരു ഹോട്ടലിൽ വച്ചാണ് 30കാരി പീഡനത്തിനിരയായത്. സംഭവത്തിൽ അജിത്,ശിവു,വിശ്വാസ്, ഷിമോൾ എന്നിവരാണ് പിടിയിലായത്.
പീഡിപ്പിച്ചവരിൽ ഒരാൾ യുവതിയുടെ സുഹൃത്തായിരുന്നു.ഇയാളോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു യുവതി. അവിടെ വച്ച് സുഹൃത്ത് ഇവരെ ടെറസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ടെറസിൽ വച്ചാണ് സുഹൃത്തും മറ്റ് മൂന്ന് പേരും യുവതിയെ പീഡിപ്പിച്ചത്. ഒടുവിൽ തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ യുവതി ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവാണ് വിവരം പൊലീസിനെ അറിയിച്ചത്.