രാത്രിയിൽ ആരുമറിയാതെ പുറത്തിറങ്ങും,​ പിന്നീട് ഇവരുടെ പ്രധാന പരിപാടി ഇത് ,​ ഒടുവിൽ കൈയോടെ പണി കിട്ടി

Thursday 13 March 2025 11:14 PM IST

കോഴിക്കോട് : മോഷ്ടിച്ച ബൈക്കുകളുമായി അഞ്ച് സ്കൂൾ വിദ്യാർത്ഥികളെ വടകരയിൽ നിന്ന് പൊലീസ് പിടികൂടി. ഒൻപത്,​ പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പിടിയിലായത്. ഇവരിൽ നിന്ന് ആറുബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. വടകര ഭാഗത്ത് മോഷണം വർദ്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളൻമാർ പിടിയിലായത്.

വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്. ബൈക്കുകളുടെ ലോക്കുകൾ പൊട്ടിച്ചാണ് ഇവർ മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ബൈക്കിന്റെ വയർ മുറിച്ച് സ്റ്റാർട്ടാക്കി പോയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും ചേസിസ് നമ്പർ ചുരണ്ടിയും രൂപമാറ്റം വരുത്തിയും മേമുണ്ട,​ ചല്ലിവയൽ ഭാഗങ്ങളിൽ കറങ്ങുകയാണ് ഇവർ ചെയ്തിരുന്നത്. ബൈക്ക് തകരാറായാൽ റോഡരികിൽ ഉപേക്ഷിക്കും. ഇവർ ഇത്തരത്തിൽ കൂടുതൽ മോഷണം നടത്തിയോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. രാത്രിയിൽ വീട്ടിൽ പറയാതെ പുറത്തിറങ്ങിയാണ് കുട്ടികൾ മോഷണം നടത്തിയിരുന്നത്. ഇവർ പിടിയിലായപ്പോൾ മാത്രമാണ് വീട്ടുകാർ വിവരം അറിഞ്ഞത്. സിസി ടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ ഇവരെ നാളെ ജുവനൈൽ ജസ്റ്രിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.