ഷാജി കൈലാസ് ചിത്രത്തിൽ ജോജു
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ് നായകൻ. ഏ.കെ. സാജൻ രചന നിർവഹിക്കുന്നു.
മോഹൻലാൽ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബകല്യാണിയിൽ ചെറിയ വേഷത്തിൽ ജോജു ജോർജ് അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ് - ജോജു ജോർജ് ചിത്രത്തിന്റെ ചിത്രീകരണം എപ്പോൾ ആരംഭിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ റെഡ് ചില്ലീസ്., സുരേഷ് ഗോപി നായകനായ ചിന്താമണി കൊലക്കേസ് എന്നീ ചിത്രങ്ങൾ ഏ,കെ, സാജന്റെ രചനയിലാണ് എത്തിയത്.
അതേസമയം പണി ആണ് ജോജു ജോർജ് നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം . ജോജു സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രംകൂടിയാണ് പണി. തൃശൂർ നഗര പശ്ചാത്തലത്തിൽ ക്വട്ടേഷൻ സംഘങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. തെന്നിന്ത്യൻ താരം അഭിനയ ആണ് നായിക വേഷം അവതരിപ്പിച്ചത്.
സൂര്യ നായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോയിൽ പ്രധാന കഥാപാത്രത്തെ ജോജു അവതരിപ്പിക്കുന്നുണ്ട്. മണിരത്നം - കമൽഹാസൻ ചിത്രം തഗ് ലൈഫിലും ജോജുവുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയേക്കും. ബിജു മേനോൻ ആണ് മറ്റൊരു പ്രധാന താരം.