ദുരഭിമാനക്കൊലയുടെ ബാക്കിപത്രം

Saturday 15 March 2025 6:00 AM IST

നവാഗതനായ അ നിൽ ദേവ് രചനയും സംവിധാനവും നിർ‌വഹിക്കുന്ന ഉറ്റവർ നല്ല സിനിമയുടെ പക്ഷത്ത്

ദുരഭിമാനക്കൊലയെ ആസ്പദമാക്കി ഒരുക്കിയ ഉറ്റവർ സിനിമ സംഭാഷണങ്ങളേക്കാൾ ദൃശ്യങ്ങളാൽ ശക്തമായി സംവദിക്കുന്നു.

വെജിറ്റേറിയൻ ഹോട്ടൽ നടത്തുന്ന ഗോവിന്ദൻ നായരുടെ കുടുംബവും അവരെ പല തരത്തിലും ആശ്രയിച്ചു കഴിയുന്ന തെങ്ങ് കയറ്റക്കാരൻ കുമാരന്റെ കുടുംബവുമായുള്ള സ്നേഹ ബന്ധത്തിന് പ്രതിബന്ധമാകുന്ന ചില പ്രശ്നങ്ങളിൽ ആരംഭിക്കുന്നതാണ് നവാഗതനായ അനിൽദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഉറ്റവർ . പ്രണയം, പ്രതിരോധം, അതിജീവനം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോകുന്നു. ശക്തമായ കഥാപാത്രങ്ങളിലൂടെ യഥാതഥമായ രീതിയിൽ ജീവിതഗന്ധിയായി കഥ പറയുന്ന രീതി ഈ സിനിമയിൽ സ്വീകരിക്കുന്നു.അനുകരണങ്ങളില്ലാതെയും പതിവ് ശൈലികളിൽ നിന്ന് മാറിയും മാറ്റത്തിന്റെ പാദമുദ്രകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഉള്ളടക്കത്തിലും അവതരണത്തിലും അവാച്യമായ അനുഭൂതി പകരുന്നു. കലാപരതയും സിനിമയുടെ സൗന്ദര്യവും മൗലികതയും നവമാനവുമൊക്കെ സമ്മേളിച്ച "ഉറ്റവർ" മനോഹരമായ ഒരു റിയലിസ്റ്റിക് ചിത്രമാണ്.
കലാമൂല്യത്തെ മുറുകെ പിടിച്ചു കൊണ്ട് അത്യന്തം ഇഴപിരിയാതെ വികാര തീവ്രമായി ജീവിതയാഥാർത്ഥ്യങ്ങളെ ചിത്രം തുറന്നുകാട്ടുന്നുമുണ്ട്.
കൗമാരത്തിന്റെ കലർപ്പില്ലാത്ത പ്രണയത്തിന് മൂല്യം നല്കുന്നവർക്കിടയിൽ ആദർശപരമായ കാഴ്ചപ്പാടുകൾ കൂടി ചേർന്നാൽ അവർ ആഗ്രഹിക്കുന്ന ഒന്നിക്കലിന് വേണ്ടി എന്ത് ജീവിത യാഥാർത്ഥ്യങ്ങളെയും അഭിമുഖീകരിക്കാൻ തടസ്സങ്ങൾ ബുദ്ധിമുട്ടുണ്ടാക്കില്ല. പ്രേമം എന്നത് എവിടെയും മുളപൊട്ടി വളരാവുന്ന വൈകാരിക വിത്താണെന്നും ഏത് വെല്ലുവിളിയിലും തളിരിട്ടു തന്നെ നില്ക്കുമെന്നും ഉറ്റവർ ഓർമ്മിപ്പിക്കുന്നു.

കടുംകാപ്പി" എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ ശ്രദ്ധേയനായ
അരുൺ നാരായണനാണ് നായക കഥാപാത്രമായ ചന്തുവിനെ അവതരിപ്പിക്കുന്നത്.
നാടകങ്ങളിലൂടെയും റീലുകളിലൂടെയും പ്രേക്ഷകസ്നേഹം നേടിയ ആതിര സുധീറാണ് നായിക പത്മ . നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ഇൻഡ്യൻ പനോരമയിലും തിരഞ്ഞെടുക്കപ്പെട്ട
"ഭഗവദജ്ജുകം" എന്ന സംസ്കൃത സിനിമയിൽ നായകനായ ജിഷ്ണു വിജയൻ നായർ ഉപനായക കഥാപാത്രമായ വിഷ്ണുവായി എത്തുന്നു.സജി സോപാനം , റോയ് മാത്യു, ബിജു കലാവേദി, ഹരീന്ദ്ര നാഥ്, അഡ്വ. ദീപക് ട്വിങ്കിൾ സനൽ, വിജയ് കൃഷ്ണ, നാഗരാജ്, ജയൻ കളർകോട്, മുഹമ്മദ് ഷാ, ബ്ലോഗർ ശങ്കരൻ, മഞ്ജുനാഥ്‌ കൊട്ടിയം, ബിജേഷ് ഇരിങ്ങാലക്കുട, ഡോറാ ബായി, ആശ നായർ, മായ സുകു, നന്ദന ബൈജു, എം. മുഹമ്മദ് സലിം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഫിലിം ഫാന്റസിയുടെ ബാനറിൽ ആണ് നിർമ്മാണം.