ഗുണ്ടാ ആക്രമണം: നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ
പാറശാല: പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട പൂര ആഘോഷങ്ങൾക്കിടെ സംഘം ചേർന്ന് ഗുണ്ടാ ആക്രമണം നടത്തിയ ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജിലെ നാല് വിദ്യാർത്ഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21),പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.
ഐ.എച്ച്.ആർ.ഡി കോളേജിലെ പൂർവ്വവിദ്യാർത്ഥി കാരക്കോണം ബി.എസ് ഭവനിൽ ആദർശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. എസ്.എസ്.ഐ പ്രവർത്തകരും സുഹൃത്തുക്കളുമായിരുന്ന ഇവർ തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിരുന്നു.
പാർട്ടി നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നെങ്കിലും പാറശാലയിൽ വച്ച് വീണ്ടും ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.