കളമശേരി പോളിടെക്‌നിക് ലഹരിക്കേസ്; ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർത്ഥികൾ പിടിയിൽ

Saturday 15 March 2025 7:53 AM IST

കൊച്ചി: കളമശേരി പോളിടെക്‌നിക് ലഹരി കേസിൽ ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ആഷിക്, ഷാരിൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണിവർ. എറണാകുളത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. കേസിൽ ഇന്നലെ റിമാൻഡിലായ പ്രതി ആകാശിന്റെ മൊഴി പ്രകാരമാണ് ഇവരെ കളമശേരി പൊലീസ് പിടികൂടിയത്. ചോദ്യംചെയ്യലിന് ശേഷം രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തും.

ആഷിക്കിന് മുമ്പും ലഹരിക്കടത്തുമായി ബന്ധമുണ്ടായിരുന്നതായി വിദ്യാർത്ഥികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കളമശേരി പോളിടെക്‌നിക് കോളേജിലേക്ക് കഞ്ചാവെത്തിച്ച സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും ഇവർ മറ്റ് കോളേജുകളിലേക്ക് ലഹരി എത്തിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് ഇന്നലെ പിടിച്ചെടുത്തത്. രണ്ട് എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്‌ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് രണ്ടാമത്തെ എഫ്ഐആറിൽ പ്രതികൾ. ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍, എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.