ബിജെപി മണ്ഡലം പ്രസിഡന്റിനെ ഓടിച്ചിട്ട് വെടിവച്ച് കൊലപ്പെടുത്തി, പ്രതി അയൽവാസി

Saturday 15 March 2025 10:41 AM IST

ചണ്ഡിഗഡ്: ബിജെപി നേതാവിനെ ഓടിച്ചിട്ട് വെടിവച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ സോണിപത് ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം. മുന്ദ്‌ലാന ബിജെപി മണ്ഡലം പ്രസിഡന്റ് സുരേന്ദ്ര ജവഹർ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതരയോടെ ജവഹർ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ഭൂമിതർക്കത്തിന്റെ പേരിൽ അയൽവാസി സുരേന്ദ്രയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയുടെ ബന്ധുവായ സ്ത്രീയുടെ പേരിൽ സുരേന്ദ്ര വാങ്ങിയ ഭൂമിയുടെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കഭൂമിയിൽ കാലുകുത്തരുതെന്ന് സുരേന്ദ്രയ്ക്ക് പ്രതി മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ വെള്ളിയാഴ്‌ച രാത്രിയിൽ സുരേന്ദ്ര ഇവിടെയെത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

തുടർന്ന് സുരേന്ദ്രയെ പ്രതി പിന്തുടരുകയും ഭയന്നോടി ബിജെപി നേതാവ് ഒരു കടയ്ക്കുള്ളിൽ പ്രവേശിക്കുകയുമായിരുന്നു. പിന്നാലെയെത്തിയ പ്രതി സുരേന്ദ്രയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നുതവണയാണ് വെടിയുതിർത്തത്. സുരേന്ദ്ര സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. സുരേന്ദ്ര കടയിലേയ്ക്ക് ഓടിക്കയറുന്നതിന്റെയും പിന്നാലെയെത്തിയ പ്രതി വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.