ഭാഷാനയത്തിൽ വാക്പോര്, തമിഴ് സിനിമ ഹിന്ദിയിലാക്കി പണം  വാരാമെന്ന്  പവൻ കല്യാൺ

Sunday 16 March 2025 3:43 AM IST

ചെന്നൈ: ഭാഷാ നയത്തെച്ചൊല്ലിയുള്ള പോര് തുടരുന്നതിനിടെ തമിഴ്നാടിനെ വിമ‌ർശിച്ച് ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. പവന് മറുപടിയുമായി ഡി.എം.കെ അടക്കം രംഗത്തെത്തിയതോടെ വാക്‌പോര് രൂക്ഷമായി. ഭാഷാനയം പറഞ്ഞ് ഡി.എം.കെ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് പവൻ കല്യാൺ ആരോപിച്ചു. കാപട്യമാണ് കാണിക്കുന്നത്. തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് പ്രേക്ഷകരെ നേടുന്നതിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും തമിഴ്നാടിന് പ്രശ്നമില്ല. ബോളിവുഡിൽ നിന്ന് അവർക്ക് പണം വേണം, പക്ഷേ ഹിന്ദി അംഗീകരിക്കാനാവില്ല. അതെന്ത് യുക്തിയാണ്. രാജ്യത്തിന് രണ്ട് പ്രബല ഭാഷകളല്ല, തമിഴ് ഉൾപ്പെടെ ഒന്നിലധികം ഭാഷകൾ ആവശ്യമാണ്. രാജ്യത്തിന്റെ അഖണ്ഡത നിലനിറുത്താൻ മാത്രമല്ല, ജനങ്ങൾക്കിടയിൽ സ്‌നേഹവും ഐക്യവും വളർത്തിയെടുക്കാനും ഭാഷാ വൈവിദ്ധ്യം സ്വീകരിക്കണം- പവൻ പറഞ്ഞു.

അതേസമയം, ഭാഷാരാഷ്ട്രീയത്തിൽ തമിഴ്നാട് പുലർത്തിവരുന്ന നിലപാടുകളെക്കുറിച്ചുള്ള പൊള്ളയായ ധാരണയാണിതെന്ന്

ഡി.എം.കെ തിരിച്ചടിച്ചു. ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കുന്നതിനെ എതിർത്തിട്ടില്ല. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഡി.എം.കെ വക്താവ് ഡോ. സയിദ് ഹഫീസുള്ള പ്രതികരിച്ചു. താത്‌പര്യമുള്ളവർക്ക് ഹിന്ദി പഠിക്കാനായി സർക്കാർ ഹിന്ദി പ്രചാരസഭ നടത്തുന്നുണ്ട്. ആളുകൾക്ക് ഹിന്ദി പഠിക്കണമെന്നുണ്ടെങ്കിൽ അവർക്കങ്ങനെ ചെയ്യാം. കേന്ദ്രസർക്കാർ ഹിന്ദി നിർബന്ധിതഭാഷയാക്കുമ്പോഴാണ് പ്രശ്നമുയരുന്നതെന്നും ഹഫീസുള്ള പറഞ്ഞു. ഡബ്ബിംഗ് സിനിമകൾ പോലുള്ള ബിസിനസ് തീരുമാനങ്ങളുമായി ഭാഷാ നയത്തെ തുലനം ചെയ്യരുത്. തമിഴ്നാട് എക്കാലവും പിന്തുടരുന്ന ദ്വിഭാഷാ നയം നിയമസഭയിൽ പാസാക്കിയത് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. അഭിനേതാക്കളുടെ ഇഷ്ടത്തിനല്ല. ബില്ല് പാസാക്കുന്ന കാലത്ത് പവൻ കല്യാൺ ജനിച്ചിട്ടുപോലുമുണ്ടാവില്ല. അദ്ദേഹത്തിന് തമിഴ്നാട് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല. ഹിന്ദിയെ എതിർക്കുന്നത് ആദ്യമായല്ല. മാതൃഭാഷയിലൂന്നിയ പഠനത്തിലൂടെയേ ആളുകളെ മികച്ച രീതിയിൽ പരിശീലിപ്പിച്ചെടുക്കാനാകൂ എന്നും ഞങ്ങൾ വിശ്വസിക്കുന്നു.- അദ്ദേഹം പറഞ്ഞു.