പൊങ്കാലയ്ക്കിടെ സ്വർണാഭരണക്കവർച്ച; രണ്ട് തമിഴ് സ്ത്രീകൾ അറസ്റ്റിൽ
Sunday 16 March 2025 1:00 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല തിക്കിലും തിരക്കിലും കയറിക്കൂടി സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന തമിഴ് സ്ത്രീകൾ പിടിയിൽ.തമിഴ്നാട് തൂത്തുകുടി സ്വദേശി അനു,മധുര സ്വദേശി ഈശ്വരി എന്നിവരെയാണ് ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പൊങ്കാലദിവസം കിഴക്കേകോട്ട നോർത്ത് സ്റ്റാൻഡിൽനിന്ന് ബന്ധുവിനൊപ്പം ബസിൽ കയറുന്നതിനിടെ സുകുമാരി അമ്മയുടെ രണ്ട് പവന്റെ മാല പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പൊങ്കാലയുടെ തലേദിവസം കിള്ളിപ്പാലം സൂര്യഹോട്ടലിനുസമീപം കലം വാങ്ങുന്നതിനിടെ ശാന്തകുമാരിയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ചതും ഇവരാണെന്ന് സിസി ടിവി ദൃശ്യങ്ങളിൽനിന്ന് തെളിഞ്ഞു.ഇവരെ റിമാൻഡ് ചെയ്തു.