കളമശേരി കഞ്ചാവിൽ നടുക്കുന്ന വിവരങ്ങളുമായി പൊലീസ്, കൊച്ചിയിൽ വ്യാപക പരിശോധന

Sunday 16 March 2025 8:01 AM IST

കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കളമശേരി ഹോസ്​റ്റലിൽ നടക്കുന്നത് ലഹരിയുടെ കൂട്ടു കച്ചവടമാണെന്നാണ് പൊലീസ് പറയുന്നത്. ഹോസ്​റ്റലിൽ ലഹരി ഉപയോഗിക്കുന്നവർ ഒരു ഗ്യാങ് ആണെന്നും വിദ്യാർത്ഥി സംഘടനകൾക്ക് ഹോസ്​റ്റലിനകത്ത് ഒരുതരത്തിലുള്ള സ്വാധീനവുമില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഹോസ്​റ്റൽ മുറിയിൽ വ്യാപകമായി ബീഡികെട്ടുകളും കണ്ടെത്തി. ബീഡിയിൽ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

അതേസമയം, കൊച്ചിയിൽ പൊലീസ് ലഹരിവേട്ട ശക്തമാക്കി. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾ പേയിംഗ് ഗസ്റ്റുകളായി താമസിക്കുന്നയിടങ്ങളിലുമാണ് പരിശോധന നടത്തിയത്. കുസാറ്റ് പരിസരത്തെ തമീം എന്ന ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും കൊല്ലം സ്വദേശിയുമായ മുഹമ്മദ് സൈദലിയെ പൊലീസ് കസ്​റ്റഡിയിലെടുത്തു. ഇയാളെ രാത്രി തന്നെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

തമീം ഹോസ്​റ്റൽ സ്ഥിരം ലഹരി കേന്ദ്രമാണെന്നും കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളടക്കം ഇവിടെ നിന്ന് പിടിച്ചെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ഹോസ്​റ്റലിലെ മുറിയിൽ നിന്ന് വൻതോതിൽ ബിയർ ബോട്ടിലുകളും മദ്യക്കുപ്പികളും ലഭിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ പാക്ക​റ്റുകളും സിഗര​റ്റ് പാക്ക​റ്റുകളും ധാരാളം കണ്ടെത്തി. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ ഉണ്ടാവുമെന്നാണ് പൊലീസ് പറയുന്നത്.