പത്താം ക്ലാസുകാരനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടു; പരിശോധിച്ചപ്പോൾ കൈയിൽ കഞ്ചാവ്
കോട്ടയം: പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർത്ഥിയിൽ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിദ്യാർത്ഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി ഓടി രക്ഷപ്പെടാനും വിദ്യാർത്ഥി ശ്രമിച്ചിരുന്നു.
അതേസമയം, പാറശാലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിപണനം ചെയ്യുന്ന പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല ഇഞ്ചിവിള തേരിവിള ദേവർവിള വീട്ടിൽ ഷാൻ (24) ആണ് അറസ്റ്റിലായത്.
പാറശാലയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലും കോളേജുകളിലുമെത്തി വിദ്യാർത്ഥികളെ വലയിലാക്കിയ ശേഷം ആവശ്യാനുസരണം ലഹരിവസ്തുക്കൾ എത്തിച്ച് നൽകുകയായിരുന്നു പതിവ്. പൊലീസ് പിടിയിലാകുമ്പോഴും ഇയാളുടെ പക്കൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയിരുന്നു.
കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ
ജനകീയം ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ തൃശൂർ കയ്പമംഗലത്ത് ഒന്നരക്കിലോയോളം കഞ്ചാവുമായി ബീഹാർ സ്വദേശികളായ തൊഴിലാളികൾ അറസ്റ്റിൽ. ബീഹാർ സ്വദേശികളായ ബാസിഹ (38), ഷേഖ് നയീം (42), മുഹമ്മദ് ഗൗരാഖ് (35) എന്നിവരെയാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്.
ഇവർ കുടുംബമായി താമസിച്ചിരുന്ന പെരിമംഗലത്ത് നിന്നുള്ള വീട്ടിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ചെറിയ പാക്കിലായി വിതരണത്തിന് തയ്യാറാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ച്ചയോളമായി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ.