അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,​ കൊടിയേറ്റ് ഭക്തിസാന്ദ്രമായി

Monday 17 March 2025 7:18 AM IST

അമ്പലപ്പുഴ: ആകാശത്ത് കൃഷ്ണ പരുന്ത് വട്ടമിട്ട് ഭഗവൽ സാന്നിദ്ധ്യം അറിയിച്ച ശുഭമുഹൂർത്തത്തിൽ നൂറു കണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽ നിന്ന് കൃഷ്ണാ, കൃഷ്ണാ മന്ത്രാക്ഷരങ്ങളാൽ അന്തരീക്ഷം ഭക്തി സാന്ദ്രമായി മാറിയ സന്ദർഭത്തിൽ

പുതുമന മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അമ്പലപ്പുഴ

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കൊടിയേറി. തുടർന്ന് ചെമ്പകശേരി തച്ചൻ വെട്ടിയതിനകം കേശവനാചാരി നാളികേരം ഉടച്ച് രാശി നോക്കി. ഉച്ചക്ക് നടന്ന കൊടിയേറ്റ് സദ്യയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള പഞ്ച മഹാക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. രണ്ടാം ഉത്സവദിവസം മുതൽ മുളയറ ഭഗവതിക്ക് വേണ്ടി നടന്നു വരുന്ന പടയണിയും, ഒമ്പതാം ഉത്സവദിവസത്തെ ചരിത്രപ്രസിദ്ധമായ നാടകശാല സദ്യയും, പള്ളിവേട്ടയും, പ്രസാദമൂട്ടിലും ഭക്തജനങ്ങളുടെ വമ്പിച്ച സാന്നിദ്ധ്യമാണ് ഉള്ളത്. കഥകളി, സംഗീതസദസ്, ഡാൻസ്, തിരുവാതിര കളി തുടങ്ങിയ കലാപരിപാടികളും ഉത്സവ ദിനങ്ങളിൽ ആസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്. 25ന് ആറാട്ടോടെ ഉത്സവം സമാപിക്കും.