'ഭാവനയുടെ നായകനായിട്ടും വെറുതെ വീട്ടിലിരിക്കേണ്ടി വന്നു, ആ ധാരണ വെറും മണ്ടത്തരമായിരുന്നു'

Monday 17 March 2025 12:58 PM IST

വളരെയധികം പ്രതീക്ഷകളോടെയാണ് ഭാവനയുടെ നായകനായി സിനിമയിൽ അഭിനയിച്ചതെന്ന് തുറന്നുപറഞ്ഞ് സിനിമാ സീരിയൽ നടനായ സാജൻ സൂര്യ. ഏറെ അധ്വാനിച്ചാൽ മാത്രമേ സിനിമയിൽ ഒരു സ്ഥാനം ലഭിക്കുകയുളളൂവെന്നും സാജൻ സൂര്യ പറഞ്ഞു. ചിലർ തന്നെ സീരിയലിലെ മമ്മൂട്ടി എന്നാണ് വിളിക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സാജൻ സൂര്യ പറഞ്ഞത്.

'സീരിയലിലെ മമ്മൂട്ടി എന്നാണ് ആരാധകർ വിളിക്കാറുളളത്. വർഷങ്ങളായി രൂപത്തിൽ യാതൊരു മാ​റ്റവും സംഭവിക്കാത്തത് കൊണ്ടായിരിക്കും അങ്ങനെ വിളിക്കുന്നത്. ഞാൻ ചെയ്യുന്ന വർക്കൗട്ടുകൾ കാരണമോ അല്ലെങ്കിൽ ജനിതകപരമായ കാര്യങ്ങളോ കൊണ്ടായിരിക്കും മാ​റ്റമില്ലാത്തത്. അല്ലാതെ മമ്മൂക്കയുമായി എന്നെ താരതമ്യം ചെയ്യാൻ പോലും യോഗ്യതയില്ല. അദ്ദേഹത്തിന്റെ കലാപരമായ സംഭാവന ചിന്തിക്കുന്നതിലും അപ്പുറമാണ്.

സീരിയലുകളിൽ അഭിനയിച്ചുക്കൊണ്ടിരുന്ന സമയത്താണ് ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിൽ ഭാവനയുടെ നായകനായി അഭിനയിക്കാൻ അവസരം ലഭിച്ചത്. ആ സിനിനമയിൽ അഭിനയിച്ചതിനുശേഷം ഞാൻ രണ്ട് വർഷത്തോളം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. അന്ന് എന്റെ ധാരണ സിനിമ റിലീസായതിനുശേഷം എനിക്ക് കൂടുതൽ അവസരങ്ങൾ കിട്ടുമെന്നായിരുന്നു. ആ ധാരണ മണ്ടത്തരമായിരുന്നു. സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം.

എന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുളള ശ്രമങ്ങൾ ഉണ്ടായിട്ടില്ല. ഇനി ശ്രമിക്കണമെന്നുണ്ട്. ആരെങ്കിലും ചെറിയ ഒരു വേഷമെങ്കിലും തന്ന് സഹായിച്ചാൽ ചിലപ്പോൾ ഞാൻ വിജയിക്കുമായിരിക്കും. ബിഗ്‌ബോസിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. എല്ലാ സീസണുകളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിക്കും. ബിഗ്‌ബോസ് പരിപാടി എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്'- സാജൻ സൂര്യ പറഞ്ഞു.