വന്ദേഭാരത് ട്രെയിനുകളുടെ വേഗത കുറയുന്നുണ്ടോ? എന്താണ് ഇന്ത്യയുടെ പ്രീമിയം ട്രെയിനിന് സംഭവിച്ചത്

Monday 17 March 2025 8:49 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറ്റുകയും യാത്രക്കാര്‍ക്ക് അന്നോളമില്ലാത്ത അനുഭവം സമ്മാനിക്കുകയും ചെയ്ത ട്രെയിനാണ് വന്ദേഭാരത് എന്ന കാര്യത്തില്‍ സംശയമില്ല. 2019 ഫെബ്രുവരി മാസം മുതല്‍ സര്‍വീസ് ആരംഭിച്ച് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 136 വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈ ഇന്റ്ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഇന്ത്യയുടെ ഈ പ്രീമിയം സെമി ഹൈസ്പീഡ് ട്രെയിനിന്റെ പരമാവധി വേഗത 160 കിലോമീറ്റര്‍ ആണ്.

രാജ്യത്ത് 130 കിലോമീറ്ററില്‍ വരെ പരമാവധി വേഗതയില്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നുണ്ട്. സൗകര്യങ്ങളുടെ കാരണം കൊണ്ട് തന്നെ രാജ്യത്തെ ചുരുക്കം ചില റൂട്ടുകളില്‍ ഒഴികെ എല്ലായിടത്തും വന്ദേഭാരത് സൂപ്പര്‍ ഹിറ്റാണ്. നമ്മുടെ സംസ്ഥാനമായ കേരളത്തില്‍ രണ്ട് ട്രെയിനുകള്‍ നാല് സര്‍വീസ് ആണ് ദിവസേന നടത്തുന്നത്. പലപ്പോഴും ഈ രണ്ട് ട്രെയിനുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. എന്നാല്‍ അടുത്ത കാലത്തായി ഉയരുന്ന ഒരു പ്രധാന സംശയമാണ് വന്ദേഭാരത് ട്രെയിനുകളുടെ വേഗത സംബന്ധിച്ച്.

ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ച കാലത്തുള്ള വേഗതയും കൃത്യതയും ഇപ്പോള്‍ വന്ദേഭാരതുകള്‍ക്കുണ്ടോ എന്നതാണ് അത്. ഈ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചില എംപിമാര്‍ ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതിന് ഉത്തരം നല്‍കുകയും ചെയ്തു. വന്ദേഭാരത് ട്രെയിനുകള്‍ യാത്രക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ആ സ്വീകാര്യതയ്ക്ക് ഇടയാക്കിയ ഘടകങ്ങളിലൊന്നും തന്നെ ഒരു വീഴ്ചയും നിലവിലില്ല. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പോലും അതിവേഗം സഞ്ചരിക്കുന്ന ഈ ട്രെയിന്‍ സഹായകമാണ്.

2014ല്‍ ഇന്ത്യയില്‍ മൊത്തം റെയില്‍ റൂട്ടില്‍ 31,000 കിലോമീറ്റര്‍ ട്രാക്ക് മാത്രമാണ് 110 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്നതായി ഉണ്ടായിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ട്രാക്കുകളുടെ നവീകരണം അറ്റകുറ്റപ്പണി എന്നിവ നടക്കുന്നുണ്ട്. 2014ല്‍ 31,000 കിലോമീറ്റര്‍ ആയിരുന്നുവെങ്കില്‍ ഇന്ന് 80,000 കിലോമീറ്റര്‍ ട്രാക്കുകളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ട്രാക്കുകളുടെ പണി നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് വന്ദേഭാരത് വേഗത കുറയുന്നത്. എന്നിരുന്നാലും ശദാബ്ദി, രാജധാനി എന്നിവയേക്കാള്‍ വേഗത്തില്‍ തന്നെയാണ് ഇപ്പോഴും ട്രെയിന്‍ ഓടുന്നത്.