കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി , 19കാരൻ തമിഴ് നാട്ടിൽ ലഹരിമരുന്നുമായി പിടിയിൽ

Tuesday 18 March 2025 2:38 AM IST

കായംകുളം: കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയ പത്തൊൻപതുകാരൻ രാസലഹരിയുമായി തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്റെ പിടിയിലായി. കൃഷ്ണപുരം പുള്ളിക്കണക്ക് കാവിൽ തറയിൽ മുഹമ്മദ് സിനാനാണ് 150 ഗ്രാം മെത്താഫിറ്റാമിനുമായി പിടിയിലായത്.

തിരുവനന്തപുരത്ത് ബി.ബി.എ വിദ്യാർത്ഥിയാണെന്നാണ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഒരു വർഷമായി തിരുവനന്തപുരത്ത് പോയിവരുമായിരുന്നു. കഴിഞ്ഞ 14 ന് കൂട്ടുകാരന് തുണിയെടുക്കാനാണെന്ന് പറഞ്ഞ് എറണാകുളത്തേക്ക് പോയ സിനാൻ തൊട്ടടുത്ത ദിവസവും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കായംകുളം പൊലീസിൽ പരാതി നൽകിയത്.

ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് സലിമിന്റെ പരാതിയിൽ കായംകുളം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് തമിഴ്നാട് പൊലീസിനെ അറിയിച്ചപ്പോഴാണ് തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് അറിയിച്ചത്.കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു അറസ്റ്റ്. ബംഗളുരുവിൽ നിന്നും തുണികൾ വാങ്ങി അതിൽ രാസലഹരിമരുന്ന് ഒളിപ്പിച്ച് കടത്തുകയായിരുന്നു. കൂട്ടാളി ഓടി രക്ഷപെട്ടതായാണ് വിവരം.