ഹൂതികൾക്ക് നേരെ ആക്രമണം തുടർന്ന് യു.എസ് മരണം 53 ആയി
സനാ: യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് യു.എസ്. ഇന്നലെ പുലർച്ചെയും വ്യോമാക്രമണം ഉണ്ടായതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് പുനരാരംഭിക്കുമെന്ന ഹൂതികളുടെ ഭീഷണിക്ക് പിന്നാലെ ശനിയാഴ്ച രാത്രിയാണ് യു.എസ് ആക്രമണം തുടങ്ങിയത്.
തുറമുഖ നഗരമായ ഹൊദൈദയിലും തലസ്ഥാനമായ സനായ്ക്ക് വടക്കുള്ള അൽ ജൗഫ് ഗവർണറേറ്റിലും ഇന്നലെ ആക്രമണമുണ്ടായി. കൊല്ലപ്പെട്ടവരിൽ അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളുമുണ്ടെന്ന് ഹൂതി വക്താക്കൾ പ്രതികരിച്ചു. യു.എസ് ആക്രമണം തുടരുന്നതിനാൽ ചെങ്കടലിലൂടെ പോകുന്ന യു.എസ് കപ്പലുകളെ തകർക്കുമെന്ന് ഹൂതി നേതാവ് അബ്ദുൾ മാലിക്ക് അൽ-ഹൂതി പ്രഖ്യാപിച്ചു.
യു.എസിന്റെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ഹാരി എസ്. ട്രൂമാന് നേരെ രണ്ട് തവണ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതികൾ അവകാശപ്പെട്ടെങ്കിലും യു.എസ് സ്ഥിരീകരിച്ചിട്ടില്ല.