നടക്കാൻ ബുദ്ധിമുട്ട്,അസ്ഥികൾ ദുർബലമാകാം : സുനിതയ്‌ക്ക് മുന്നിൽ ഇനിയും വെല്ലുവിളികൾ

Tuesday 18 March 2025 6:37 AM IST

വാഷിംഗ്ടൺ: ഭൂമിയിൽ മടങ്ങിയെത്തിയ ശേഷവും സുനിതയ്‌ക്കും വിൽമോറിനും മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ബഹിരാകാശത്തെ മൈക്രോഗ്രാവി​റ്റിയിൽ ദീർഘനാൾ കഴിഞ്ഞതിനാൽ ഇരുവർക്കും സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ ആഴ്ചകൾ വേണ്ടിവരും. ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ വിപുലമായ മെഡിക്കൽ പരിശോധനകൾക്കും പരിശീലനങ്ങൾക്കും ഇവരെ വിധേയരാക്കും.

 പേശികളുടെ ബലഹീനതയും ക്ഷീണവും

പേശികളിൽ ടിഷ്യു ക്ഷയിച്ച് ബലഹീനത ഉണ്ടാകും. ചലനവും നടത്തവും

ബുദ്ധിമുട്ടാകും. ശക്തി വീണ്ടെടുക്കാൻ ഫിസിയോതെറാപ്പി ആവശ്യം.

 അസ്ഥികളുടെ സാന്ദ്രത നഷ്ടമാകും

ധാതുക്കൾ നഷ്ടപ്പെട്ട് അസ്ഥികൾ ദുർബലമാകാം. ഇത് ഒടിവുകൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

മാസങ്ങളോളം ശരിയായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരണം.

 തുലനനിലയിലെ പ്രശ്നങ്ങൾ

ചെവിയുടെ ആന്തരിക ഭാഗം ഭാരമില്ലായ്‌മയുമായി പൊരുത്തപ്പെട്ടിരിക്കും. അതിനാൽ,​ഭൂമിയിൽ തിരിച്ചെത്തുമ്പോൾ തലകറക്കവും ദിശാബോധമില്ലായ്‌മയുമുണ്ടാക്കുന്നു. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ദിവസങ്ങൾ എടുത്തേക്കാം.

 ഹൃദയാരോഗ്യം

ബഹിരാകാശത്തെ രക്തചംക്രമണ മാ​റ്റങ്ങൾ ഭൂമിയിലെത്തുമ്പോൾ കുറഞ്ഞ രക്തസമ്മർദ്ദത്തിനും

ബോധക്ഷയത്തിനും കാരണമാകും. രക്തയോട്ടം സ്ഥിരപ്പെടുത്താൻ പ്രത്യേക ശ്രദ്ധ വേണം

 രോഗപ്രതിരോധ സംവിധാനത്തിലെ മാ​റ്റങ്ങൾ

രോഗപ്രതിരോധ പ്രതികരണം ദുർബലമായിരിക്കും. ഇത് അണുബാധയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

 മാനസിക നില

മാസങ്ങളോളം നീണ്ട ഒ​റ്റപ്പെടലിന് ശേഷം ഭൂമിയിലെ സാമൂഹികവും പാരിസ്ഥിതികവുമായ

അവസ്ഥകളുമായി പൊരുത്തപ്പെടുന്നത് വെല്ലുവിളിയാകാം. മാനസിക പിന്തുണ ആവശ്യമാണ്.

 റേഡിയേഷൻ

ദീർഘസമയം കോസ്‌മിക് വികിരണം ഏൽക്കുന്നത് ക്യാൻസറിനും മ​റ്റ്

ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

 കാഴ്ചയിലെ മാ​റ്റങ്ങൾ

ഒപ്റ്റിക് നാഡിയുമായി ബന്ധപ്പെട്ട ദ്റാവക മാ​റ്റങ്ങൾ കാഴ്ച പ്രശ്‌നങ്ങൾക്ക് കാരണമാകാം.

ചില ബഹിരാകാശ യാത്രികർക്ക് കാഴ്ചയിൽ ദീർഘകാല മാ​റ്റങ്ങൾ അനുഭവപ്പെടുന്നു.

 ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടൽ

നടക്കുന്നത്,​വസ്തുക്കൾ പിടിക്കുന്നത് പോലുള്ള ലളിതമായ

കാര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായി തോന്നും.

--------------------------------------------------------

 സുനിതയുടെ പ്രതിഫലം 1.41 കോടി രൂപ വരെ

വാഷിംഗ്ടൺ: നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് യു.എസ് സർക്കാരിന്റെ ജനറൽ ഷെഡ്യൂൾ (ജി.എസ്) ശമ്പള സ്‌കെയിൽ അടിസ്ഥാനമാക്കിയാണ് പ്രതിഫലം.

സുനിതയെ പോലെ പ്രഗത്ഭരായവർക്ക് ജി.എസ് - 15 ഗ്രേഡ് ശമ്പളം ലഭിക്കും. 1,25,133 ഡോളർ മുതൽ 1,62,672 ഡോളർ വരെയാണ് ഈ വിഭാഗത്തിലെ വാർഷിക അടിസ്ഥാന ശമ്പളം. ഏകദേശം 1.08 കോടി മുതൽ 1.41 കോടി ഇന്ത്യൻ രൂപവരും

287 ദിവസം ബഹിരാകാശത്ത് തങ്ങിയെങ്കിലും ഓവർടൈം ശമ്പളം ലഭിക്കില്ല. എന്നാൽ പ്രതിദിന സ്റ്റൈപ്പൻഡ് ആയി 4 ഡോളർ വീതം ലഭിക്കും. അതായത്, ആകെ 1,148 ഡോളർ ( 99,000 രൂപ ). അതിനാൽ ഈ ഒമ്പത് മാസക്കാലയളവിൽ ശമ്പളവും സ്റ്റൈപ്പൻഡും ചേർത്ത് സുനിതയ്ക്ക് ഏകദേശം 94,998 ഡോളർ - 1,23,152 ഡോളർ കിട്ടിയേക്കും. 82 ലക്ഷം മുതൽ 1.06 കോടി രൂപവരെയാണിത് .

--------------------------------------------------------

# സുനിത വില്യംസ് - റെക്കാഡുകൾ

 ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ ( ആദ്യമെത്തിയത് കല്പന ചൗള)

 ബഹിരാകാശത്ത് മാരത്തണും ട്രയാത്‌ലണും നടത്തിയ ആദ്യ സഞ്ചാരി

 കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന (സ്‌പേസ് വാക്ക്) വനിത - 9 തവണയായി ആകെ 62 മണിക്കൂർ, 6 മിനിട്ട്

--------------------------------------------------------

# കാത്തിരുന്ന സംഗമം

 സ്‌പേസ് എക്‌സ് ക്രൂ- 10 മിഷനിൽ നാലു സഞ്ചാരികൾ ഞായറാഴ്ച ബഹിരാകാശ നിലയത്തിൽ എത്തിയതോടെയാണ് ഇവരുടെ മടക്കയാത്രയ്ക്ക് കളമൊരുങ്ങിയത്.

 2024 ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും വിൽമോറും നിലയത്തിലേക്ക് തിരിച്ചത്. മനുഷ്യരെയും വഹിച്ചുള്ള സ്റ്റാർലൈനറിന്റെ കന്നി ദൗത്യമായിരുന്നു. ജൂൺ 13ന് ഭൂമിയിൽ തിരിച്ചെത്താനായിരുന്നു പദ്ധതി. പേടകത്തിൽ ഹീലിയം ചോർച്ച സംഭവിച്ചതോടെ യാത്ര പ്രതിസന്ധിയിലായി.

 സുരക്ഷ കണക്കിലെടുത്ത് ആ പേടകത്തിൽ യാത്ര വേണ്ടെന്നും

ഇരുവരും 2025 ഫെബ്രുവരി വരെ നിലയത്തിൽ തുടരാനും നാസ തീരുമാനിച്ചു. സെപ്തംബർ 7ന് സ്‌റ്റാർലൈനർ പേടകം ആളില്ലാതെ ഭൂമിയിൽ തിരിച്ചെത്തി.

 ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിനെ ഇരുവരെയും ഭൂമിയിലെത്തിക്കാനുള്ള ദൗത്യം ഏല്പിച്ചു. എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മസ്കിന് നിർദേശം നൽകി