ഉറക്കത്തിനിടെ  രാത്രി  ഞെട്ടി ഉണർന്നപ്പോൾ ഭാര്യ സുഹൃത്തിനൊപ്പം ഷെഡിൽ, അടിച്ചുകൊന്ന് ഭർത്താവ്; അറസ്റ്റ്

Tuesday 18 March 2025 11:33 AM IST

തൊടുപുഴ: ഇടുക്കിയിൽ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ബാലേ ടുഡുവിനെ ഇയാൾ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്പാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയിൽ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡിൽ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മിൽ വഴക്കും ബഹളവുമായി. കാര്യങ്ങൾ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

ഈ സമയം ഷെനിച്ചർ കയ്യിൽ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ തന്നെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കൊലയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.