'താക്കോൽ കളഞ്ഞതിനാൽ മതിൽ ചാടി അകത്തുകടന്നു'; അനുജനെയും പെൺസുഹൃത്തിനെയും കൊന്നത് വിവരിച്ച് അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. അഫാന്റെ സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസുകളിൽ പേരുമലയിലെ വീടടക്കം ഏഴിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
രാവിലെ ഒൻപതരയോടെ അഫാനെ സ്റ്റേഷനിൽ നിന്ന് ആദ്യം കൊലപാതകം നടന്ന പേരുമലയിലെ വീട്ടിലാണ് എത്തിച്ചത്. വീട്ടിലേയ്ക്ക് കയറിയ രീതിയും കൊലപാതകം നടത്തിയത് എങ്ങനെയെന്നും അഫാൻ പൊലീസിനോട് വിശദീകരിച്ചു. അഫ്‌സാനെയും കൂട്ടി വീട്ടിലെത്തിയപ്പോൾ താക്കോൽ കളഞ്ഞുപോയിരുന്നു. തുടർന്ന് മതിൽ ചാടി ടെറസ് വഴിയാണ് ഇരുവരും വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. വീട്ടിലെ തെളിവെടുപ്പിനുശേഷം മാല പണയംവച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേയ്ക്കാണ് പ്രതിയെ കൊണ്ടുപോയത്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട, എടിഎം, പെട്രോൾ പമ്പ്, ബാഗ് വാങ്ങിയ സ്റ്റേഷനറി കട എന്നിവിടങ്ങളിലും തെളിവെടുപ്പിനായി എത്തിച്ചു. ശേഷം അഫാനെ തിരികെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായതിനാൽ എത്രയും വേഗം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അനുജൻ, കാമുകി, മുത്തശ്ശി, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. ക്യാൻസർ രോഗിയായ മാതാവിനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. അരും കൊലകൾക്ക് ശേഷം അഫാൻ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. അതേസമയം, കട്ടിലിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് അഫാന്റെ ഉമ്മ ഷെമി ഇപ്പോഴും ആവർത്തിക്കുന്നത്. അഫാനെ ജയിലിൽ നിന്നിറക്കണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു.