ക്ളാസ് മുറിയിൽ 15കാരനെ ലൈംഗിക പീഡനത്തിനിരയാക്കി, 30കാരിയായ അദ്ധ്യാപിക അറസ്റ്റിൽ
വാഷിംഗ്‌ടൺ: വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അദ്ധ്യാപിക അറസ്റ്റിൽ. യുഎസിലെ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ അദ്ധ്യാപികയും സോക്കർ കോച്ചുമായ ക്രിസ്റ്റീന ഫോർമെല (30) ആണ് അറസ്റ്റിലായത്. ക്രിസ്റ്റീനയ്ക്കെതിരെ 15കാരനായ വിദ്യാർത്ഥിയും കുട്ടിയുടെ മാതാവും പരാതി നൽകിയതായി ഡൗണേഴ്‌സ് ഗ്രോവ് പൊലീസും ഡുപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ജനറലും അറിയിച്ചു.
2023ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്‌കൂൾ സമയത്തിന് മുൻപായി ക്ളാസ് മുറിയിൽവച്ച് പാഠഭാഗം പറഞ്ഞുകൊടുക്കവേ ക്രിസ്റ്റീന ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച സന്ദേശം ഫോണിൽ കണ്ടപ്പോഴോണ് വിവരം അറിഞ്ഞതെന്ന് കുട്ടിയുടെ മാതാവ് പൊലീസിനോട് പറഞ്ഞു.
പരാതിയിൽ ക്രിസ്റ്റീനയെ അറസ്റ്റുചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. വാദത്തിന് മുൻപായി ചില വ്യവസ്ഥകളിൽ യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് സ്‌കൂളിൽ പ്രവേശിക്കരുതെന്നും പതിനെട്ട് വയസിനുതാഴെയുള്ളവരുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്നുമാണ് വ്യവസ്ഥ.
സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. 2017ൽ അദ്ധ്യാപനത്തിനുള്ള ലൈസൻസ് ലഭിച്ചതിനുശേഷം 2020ലാണ് ക്രിസ്റ്റീന ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് സ്‌കൂളിൽ നിയമനം നേടിയത്. 2021 മുതൽ സോക്കർ കോച്ച് ആയും പ്രവർത്തിച്ചുതുടങ്ങി. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അടുത്ത മാസം 14നാണ് കോടതിയിൽ വീണ്ടും ഹാജരാകേണ്ടത്.