'നീ ആരാണ് പാസ് ചോദിക്കാൻ മുഖ്യമന്ത്രിയാണോ'; ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മർദിച്ചു
Tuesday 18 March 2025 4:50 PM IST
കണ്ണൂർ: സന്ദർശക പാസ് ഇല്ലാതെ അകത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ തടഞ്ഞ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് മർദനമേറ്റതായി പരാതി. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം. മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. കണ്ണൂർ സ്വദേശി ജിൽഷാദ് ആണ് അതിക്രമം കാണിച്ചതെന്നാണ് വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സന്ദർശക പാസ് ചോദിച്ചപ്പോൾ 'നീ ആരാണ് പാസ് ചോദിക്കാൻ മുഖ്യമന്ത്രിയാണോ'യെന്നാണ് സുരക്ഷാ ജീവനക്കാരനോട് യുവാവ് ചോദിച്ചത്. പാസ് എടുക്കണമെന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ ഇയാൾ അത് വകവെച്ചില്ല. അസഭ്യം പറയുകയും ജീവനക്കാരനെ തള്ളിമാറ്റുകയും ചെയ്തു.
നിലത്തുവീണ് പവനന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുവാവിനെതിരെ പവനൻ പൊലീസിൽ പരാതി നൽകി. കൂടാതെ ആക്രമണത്തിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർ ആശുപത്രിയിൽ പ്രതിഷേധിച്ചു.