എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം; അയ്യപ്പന്റെ അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിലേക്ക്

Tuesday 18 March 2025 5:47 PM IST

അയ്യപ്പന്റെ അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിലേക്ക്. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനൊപ്പമാണ് മോഹൻലാൽ എത്തിയത്‌. മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാന്റെ റിലീസിന് ദിവസങ്ങൾ ശേഷിക്കെയാണ് അദ്ദേഹം ശബരിമലയിലേക്ക് പോകുന്നത്.

മാർച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ പ്രദർശനം. ഈ സമയത്ത് തന്നെ ആഗോള തലത്തിലും പ്രീമിയർ ആരംഭിക്കും. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ അടക്കം വൻ താരനിരതന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ലൈക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറിൽ സുബാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന മുരളി ഗോപി, ഛായാഗ്രഹണം സുജിത് വാസുദേവ്.


അതേസമയം, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവത്തിലാണ്' മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റേതാണ് കഥ.