കവിതയിൽ തീർത്ഥമാടിയ മങ്കൊമ്പ് ഗാനങ്ങൾ
കവിതയും ഗാനവും പൊരുത്തമുള്ള ദമ്പതികളായാൽ കാഴ്ചയ്ക്കും കാതിനും ആനന്ദകരമായിരിക്കും. കവിതയുടെ ഗ്രഹനിലയും ഗാനത്തിന്റെ ഗ്രഹനിലയും ഒരു നല്ല ഗാനരചയിതാവിന് മനഃപാഠമായിരിക്കും. കഴിഞ്ഞ ദിവസം അന്തരിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻ മലയാളത്തിന് എക്കാലവും ഓർമ്മിക്കാനുള്ള എണ്ണമറ്റ ഗാനങ്ങൾ സംഭാവന ചെയ്തത് ആ കൈത്തഴക്കവും പ്രതിഭാവിലാസവും കൊണ്ടാണ്. അടിസ്ഥാനപരമായി ഈ കുട്ടനാട്ടുകാരൻ കവിയായിരുന്നു. സ്‌കൂൾ പഠനകാലത്തു തന്നെ കവിതകളെഴുതി പ്രസിദ്ധീകരിച്ചു. കായലും തോണികളും താറാവുകളും പാടങ്ങളും ആ ഭാവനയെ സമ്പുഷ്ടമാക്കി. തന്റെ ഒരു കവിത ഒരു ചടങ്ങിൽ വച്ച് വയലാറിനെ കാണിച്ചത് വെറുതെ അഭിപ്രായമറിയാനാണ്. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ, 'കവിത നന്നായി" എന്ന് വയലാറിന്റെ കത്തു വന്നു. തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മങ്കൊമ്പ് ആ വാക്കുകളെ മനസിൽ സൂക്ഷിച്ചു.
മദിരാശിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം" മാസികയുടെ പത്രാധിപർ വയലാർ രാമവർമ്മയും സഹപത്രാധിപർ മങ്കൊമ്പും ആയിരുന്നു. വയലാറും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയുമൊക്കെ ഗാനരചയിതാക്കളായി ജ്വലിച്ചുനിൽക്കുമ്പോഴാണ് 'വിമോചന സമരം" എന്ന സിനിമയിലൂടെ മങ്കൊമ്പിന്റെ ആദ്യ ചുവടുവയ്പ്. കവിതയുടെയും ഗാനങ്ങളുടെയും കലവറ ഒന്നാണെങ്കിലും ഏറ്റവും അനുയോജ്യമായ പദവിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിലാണ് ഗാനരചയിതാവിന്റെ മിടുക്ക്. നൂതനമായ പദങ്ങളും സ്വന്തം ഭാവനയുടെ രുചിക്കൂട്ടും ഒത്തുചേർന്നപ്പോൾ മങ്കൊമ്പിന്റെ ഗാനങ്ങൾ പുത്തൻ അനുഭവമായി. പുരാണങ്ങളിലും നാടൻപാട്ടിലുമുണ്ടായിരുന്ന ആഴത്തിലുള്ള അറിവ് അതിനെ ഒട്ടൊന്നുമല്ല സഹായിച്ചത്.
'പ്രണയത്തിന്റെ ലക്ഷാർച്ചന കണ്ട് തൊഴുതുമടങ്ങുന്ന" മങ്കൊമ്പിന്റെ ഭാവന മുമ്പുള്ള പ്രണയഗാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. മങ്കൊമ്പിന്റെ സാഹിത്യജീവിതത്തെ അത് പ്രകാശപൂർണമാക്കി. 'ലക്ഷാർച്ചന" എന്ന് സ്വന്തം വീടിന് പേരിട്ടതു തന്നെ ആ വൈകാരിക ബന്ധത്തെ സൂചിപ്പിക്കുന്നു. 'കാളിദാസന്റെ കാവ്യഭാവന"യും, 'നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുന്ന നാട്ടിൻപുറ"വും, പാലരുവിക്കരയിൽ പണ്ടൊരു പൗർണമാസീരാവിൽ, ആഷാഢമാസം ആത്മാവിൽ മോഹം, താലിപ്പൂ പീലിപ്പൂ, നീലമേഘക്കുടനിവർത്തി, ഈ പുഴയും കുളിർകാറ്റും, രാജസൂയം കഴിഞ്ഞു, ആലിലത്തോണിയിൽ മുത്തിനു പോയ് വരും.... തുടങ്ങിയ ഗാനങ്ങൾ മലയാള മനസിൽ ഇളംമഞ്ഞിൻ കുളിരുപോലെ പറ്റിപ്പിടിച്ചു.
ഇളയരാജ, ജി. ദേവരാജൻ, ശങ്കർ ഗണേഷ്, എം.കെ. അർജുനൻ, എം.എസ്. വിശ്വനാഥൻ, രവീന്ദ്ര ജെയിൻ, കണ്ണൂർ രാജൻ, ആർ.കെ. ശേഖർ, കീരവാണി തുടങ്ങിയ പ്രതിഭാശാലികളുടെ സംഗീതം മങ്കൊമ്പ് ഗാനങ്ങൾക്ക് പാറിപ്പറക്കാനുള്ള ചിറകുകളായി. അഞ്ഞൂറോളം ഗാനങ്ങൾ, ആറ് സിനിമകൾക്ക് കഥ, നാലു സിനിമകൾക്ക് തിരക്കഥ, 'ബാഹുബലി" ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾക്ക് മൊഴിമാറ്റം... അങ്ങനെ അമ്പതാണ്ടുനീണ്ട ആ സാഹിത്യസപര്യ നീണ്ടുപോകുന്നു. 'ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില" എന്ന മങ്കൊമ്പിന്റെ ഗാനം അദ്ദേഹത്തിന്റെ സർഗഭാവനയ്ക്കും ഇണങ്ങും. സിനിമാഗാനങ്ങൾ സാങ്കല്പികമായ ഒരു വൈകാരിക മുഹൂർത്തത്തിനുവേണ്ടി രചിക്കപ്പെടുന്നവയാണ്. എന്നാൽ കവിതയുടെ അന്തർധാരയുണ്ടെങ്കിലേ അത് കാലത്തെയും തലമുറകളെയും അതിജീവിക്കൂ. അത്തരത്തിൽ ഓർമ്മിക്കപ്പെടുന്ന ഗാനശേഖരം മലയാളത്തിന് സമർപ്പിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വേർപാടിൽ കുടുംബത്തിനും മലയാളത്തിനുമുള്ള ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.