നൊമ്പരത്തിന്റെ കഥ
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. എല്ലാ അവയവങ്ങൾക്കും ഇത് ബാധകമാണ്. എന്തും നഷ്ടപ്പെടുമ്പോഴേ അതിന്റെ വില അറിയൂ. അത്തരം ഒരു സംഭവത്തിന്റെ നൊമ്പരമാണ് ഇത്. എന്നെ ഞാനാക്കി വളർത്തിയ ഈ തണുപ്പൻ നഗരത്തിനു പറയാൻ ഇതുപോലെ ഒത്തിരി കഥകളുണ്ട്. അതിൽ ഒന്ന് ഇതാണ്.
ഊട്ടി ബസ് സ്റ്റാൻഡിൽ നിന്നും നല്ലതിരക്കുള്ള മെയിൻ റോഡിലൂടെ ബൊട്ടാണിക്കൽ ഗാർഡനിലേക്കു കാമറയുമായി നടക്കുമ്പോൾ ഫുട്പാത്തിലിരുന്നു ഭിക്ഷ യാചിക്കുന്ന പ്രായമായ ഒരു സ്ത്രീ ശ്രദ്ധയിൽപ്പെട്ടു. അല്പം ഒഴിഞ്ഞു നിന്ന് കുറച്ചുനേരം അവരെ നിരീക്ഷിച്ചു. അവർ ഫുട്പാത്തിൽ സ്ഥലം പിടിച്ച ശേഷം തറയിൽ വിരിച്ച തോർത്തിന്റെ ഒരു സൈഡിൽ ഇരുന്നിട്ട് സ്വന്തം വെപ്പുകാൽ ഊരി അടുത്ത് വച്ചു. ആരെങ്കിലും അവർക്കു തുട്ടുകൾ ഇട്ടുകൊടുക്കുന്നെങ്കിൽ അതുകൂടി ചേർത്ത് ഒരു ഫ്രെയിം ആകാമെന്ന് കരുതി എയിം ചെയ്തു ഒതുങ്ങി നിന്നു. പക്ഷേ തിരക്കുകാരണം പലരും ഇട്ടുകൊടുത്തതു ഞാനുദ്ദേശിച്ച തരത്തിലായിരുന്നില്ല. ഒടുവിൽ വെപ്പുകാലും അവരേയും ഉൾപ്പെടുത്തി ഒരു ഫ്രെയിം തരപ്പെടുത്തി പോരുന്നു.
അടുത്ത ദിവസം അത് പ്രോസസ് ചെയ്തു. കണ്ടപ്പോൾ തൃപ്തി തോന്നി . തിരക്കുകളിൽ നിന്ന് ഒഴിഞ്ഞിരുന്നു ഫുട്പാത്തിൽ ഭിക്ഷയെടുക്കുന്ന സ്ത്രീ. ദൈന്യതയുടെയും നിസഹായതയുടെയും ഒരു നേർക്കാഴ്ച്ച. അത്രയുമേ ഞാനും ഉദ്ദേശിച്ചുള്ളൂ. പല പ്രസിദ്ധീകരണങ്ങളും അത് കാര്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറേനാൾ കഴിഞ്ഞു ഒരു വിദേശ പ്രസിദ്ധീകരണത്തിൽ ആ പടവും അതിനെക്കുറിച്ചുള്ള വിശദീകരണവും കണ്ടപ്പോഴാണ് വളരെ ഗൗരവമുള്ള ഒരു സബ്ജക്ടാണ് ഞാൻ പകർത്തിയതെന്ന് ബോദ്ധ്യമാകുന്നത്. 'നമ്മൾ മുന്നോട്ടു പോകുന്നത് കാലിന്റെ സഹായത്താലാണ്. അത് ഈ ചിത്രം വളരെ തന്മയത്തമായി വരച്ചുകാട്ടുന്നു. ഫോട്ടോയുടെ ബാക്ഗ്രൗണ്ട് ശ്രദ്ധിക്കുക.
ഒന്നോ അതിലധികമോ പേർ മുന്നോട്ടു പോകുന്നു. അതിൽ ഒരാൾ കാൽ ഉയർത്തുകയും ചെയ്യുന്നു. മറ്റൊരാൾ എതിർ ദിശയിലേക്കു നടന്നു വരുന്നു അദ്ദേഹവും കാൽ ഉയർത്തി നടക്കുന്നു. എന്നാൽ മുന്നോട്ടുള്ള ജീവിതയാത്രയിൽ അങ്ങനെ കാലുയർത്താനാകാതെ സ്വന്തം കാല് നഷ്ടമായ ഒരു സ്ത്രീ ജീവിക്കാൻ പൊയ്ക്കാലുമായി ഭിക്ഷയെടുക്കുന്നു ! ഒരു ഫ്രെയിമിൽ ഈ ആശയം ഉൾക്കൊള്ളിച്ചത് വലിയ നേട്ടമാണ് " എന്നുമായിരുന്നു അവർ സൂചിപ്പിച്ചിരുന്നത്. അതിനു ശേഷമാണ് ആവശ്യമില്ലെന്നു തോന്നിയതും ഒഴിവാക്കാനാകാതെ ഫ്രെയിമിൽ വന്നതുമായ ആ കാലുകൾക്ക് ഈ ചിത്രത്തിൽ മർമ്മപ്രധാനമായ പങ്കുണ്ടെന്നു എനിക്ക് മനസിലായത് ! ഫോട്ടോ എടുത്തസമയത്ത് ശ്രദ്ധയിൽപ്പെടാത്ത അത് ഇത്ര കൃത്യമായി എങ്ങനെ കിട്ടി എന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു !