ബഹിരാകാശ യാത്രികരെ സ്വാഗതം ചെയ്ത് വിദ്യാർത്ഥികൾ

Tuesday 18 March 2025 9:37 PM IST

പയ്യന്നൂർ: പേടകത്തിന്റെ തകരാർ കാരണം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തങ്ങി 9 മാസത്തിന് ശേഷം തിരികെയെത്തുന്ന ഇന്ത്യൻ വംശജസുനിത വില്യംസ്, ബുച്ച് വിൽമോർ എന്നീ ബഹിരാകാശ യാത്രികർക്ക് ബഹു വർണ്ണ പട്ടങ്ങളും ഹൈഡ്രജൻ നിറച്ച ബലൂണുകളും ആകാശത്തേക്ക് പറത്തി സ്‌നേഹസ്വാഗതമോതി കണ്ടോത്ത് എ.എൽ.പി സ്‌കൂളിലെ കുട്ടികൾ.അഞ്ച് മാസം മുമ്പ് സ്‌കൂളിലെ ബഹിരാകാശ ക്ലബ്ബിലെ കുട്ടികൾ സുനിത വില്യംസിനും ബുച്ച് വിൽമോറിനും സ്‌നേഹ സന്ദേശം അയച്ചിരുന്നു.പട്ടം പറത്തലിനോടൊപ്പം നടത്തിയ ബഹിരാകാശ കൂട്ടായ്മ ഐ.എസ്.ആർ.ഒ റിട്ട. സീനിയർ സയന്റിസ്റ്റ് വി.പി.ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാഗം കെ.ചന്ദ്രിക , സി.കരുണാകരൻ ,എം.വനജാക്ഷി , സ്‌കൂൾ ലീഡർ ടി.വി.അമേയ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക പി.പി.സനില സ്വാഗതവും എ.കെ.ഗിരിജ നന്ദിയും പറഞ്ഞു.