കനത്ത ചൂടിൽ ടാപ്പിംഗ് നിലച്ചു; പ്രതിസന്ധിയിൽ റബ്ബർ തോട്ടങ്ങൾ
നീലേശ്വരം:കാലാവസ്ഥാ വ്യതിയാനം മൂലം ഇക്കുറി റബ്ബർ കർഷകർ നേരിടുന്നത് വൻ തിരിച്ചടി. കനത്ത ചൂടിൽ ടാപ്പിംഗ് തുടരാൻ സാധിക്കാതെയാണ് തോട്ടങ്ങളിൽ ടാപ്പിംഗ് നിർത്തിയത്. വർഷത്തിൽ ആറുമാസമെങ്കിലും ടാപ്പിംഗ് ലഭിച്ചാൽ മാത്രമെ ഉത്പാദനചിലവെങ്കിലും തിരിച്ചുകിട്ടാനിടയുള്ളു. കൂടിയ ചൂടിൽ പാൽകുറഞ്ഞതാണ് ടാപ്പിംഗ് നിർത്തിവെക്കാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ഡിസംബർ വരെ മഴ തുടർന്നതിനാൽ ഈ സാമ്പത്തികവർഷം ടാപ്പിംഗ് ഏറെ വൈകിയിരുന്നു. ഫെബ്രുവരി മുതൽ ചൂട് കടുത്തതോടെ ഇല കൊഴിച്ചിൽ തുടങ്ങി. ഇതോടെ ഉൽപാദനം കുറഞ്ഞു.ടാപ്പിംഗ് തുടരാൻ കഴിയാത്ത സ്ഥിതിയിലുമെത്തി. ഈ വർഷം ആകെ രണ്ടു മാസം മാത്രമാണ് ടാപ്പിംഗ് നടത്തിയതെന്നാണ് ഈ മേഖലയിലെ തൊഴിലാളികൾ പറയുന്നത്. രണ്ട് വർഷം മുമ്പ് വരെ ഏപ്രിൽ, മേയ് മാസം വരെ കർഷകർ ടാപ്പ് ചെയ്തിരുന്നു.
വിലയുണ്ടാകുമ്പോൾ വിളവില്ല
കാലങ്ങൾക്ക് ശേഷമാണ് റബ്ബർവില 250 കടന്നത്.എന്നാൽ ഈ ആശ്വാസം കർഷകർക്ക് ലഭിച്ചില്ല. ഉത്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്. വിപണിയിൽ 180നും 190 നും ഇടയിലാണ് ഇപ്പോഴത്തെ വില.
വർഷത്തിൽ മൂന്ന് മാസം മാത്രം ലഭിക്കുന്ന തൊഴിലിലേക്ക് ആരും കടന്നുവരാത്തതിനാൽ ടാപ്പിംഗും പ്രതിസന്ധിയിലാണ്.
കനത്ത നഷ്ടമാണ് റബ്ബർ ഉത്പാദകമേഖല നേരിടുന്നത്-ബാലൻ വേട്ടറാഡി ചോയ്യങ്കോട് റബ്ബർ ഉല്പാദക സംഘം പ്രസിഡന്റ് .
ചുരുങ്ങിയത് 250 രൂപയെങ്കിലും ലഭിച്ചാൽ മാത്രമെ കർഷകർക്ക് പിടിച്ചു നിൽക്കാൻ സാധിക്കു. ടാപ്പിംഗിന് ആളെ കിട്ടാത്തതും കൂലി കൂടിയതും കർഷകർക്ക് വലിയ തിരിച്ചടിയായി. കൂടാതെ വന്യമൃഗഭീഷണിയും കൂടിയായപ്പോൾ പുലർച്ചെ ടാപ്പിംഗിന് തൊഴിലാളികൾ വരാതായി. രാമചന്ദ്രൻ കരളി അമ്പലത്തുകര റബ്ബർ ഉത്പാതക സംഘം പ്രസിഡന്റ്