പാകിസ്ഥാനോട് ഇന്ത്യ, നുണ പ്രചരിപ്പിക്കാതെ ഇന്ത്യൻ പ്രദേശം ഒഴിയുക

Wednesday 19 March 2025 2:29 AM IST

ന്യൂഡൽഹി: ജമ്മുകാശ്‌മീരുമായി ബന്ധപ്പെട്ട നുണകൾ പ്രചരിപ്പിക്കുന്നതിന് പകരം ബലപ്രയോഗത്തിലൂടെ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിയണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. ജമ്മുകാശ്‌മീരുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ പ്രസ്‌താവനകളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ.

അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നു. സ്‌പോൺസർ ചെയ്യുന്നു. ഇതാണ് യഥാർത്ഥ പ്രശ്‌നമെന്ന് ലോകത്തിന് അറിയാം. വാസ്തവത്തിൽ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ തടസമാണിത്.

പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാനുള്ള ഓരോ ശ്രമവും പരാജയപ്പെട്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോഡ്‌കാസ്റ്റ് അഭിമുഖത്തിലെ പരാമർശത്തിനുള്ള മറുപടിയായാണ് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവന ഇറക്കിയത്. ഐക്യരാഷ്ട്രസഭയ്ക്കും പാകിസ്ഥാനും കശ്മീരി ജനതയ്ക്കും ഉറപ്പ് നൽകിയിട്ടും ഏഴ് പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത ജമ്മു കാശ്മീർ തർക്കം സൗകര്യപൂർവ്വം ഒഴിവാക്കുന്നുവെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. പാക് മണ്ണിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്നും ആരോപിച്ചു.