കണ്ണാടിപ്പാലം, മരംപാകിയ നടപ്പാത, സൗര വെളിച്ചം; ടൂറിസം ഹബ്ബാകാൻ ഒരുങ്ങി വെള്ളിക്കിൽ

Tuesday 18 March 2025 10:35 PM IST

തളിപ്പറമ്പ്: കൂറ്റൻ ടവറുകൾക്കിടയിൽ പ്രകൃതിദൃശ്യങ്ങളെ ആസ്വദിക്കാനായി ഗ്ളാസ് ബ്രിഡ്ജ്,​ നാലുകിലോമീറ്ററോളം നീളത്തിൽ നടപ്പാത,​ സൈക്കിൾ സവാരിക്കായി പ്രത്യേക പാത,​സോളാർ വിളക്കുകൾ- വെള്ളിക്കീലിന്റെ വശ്യപ്രകൃതിയെ ആസ്വദിക്കാനുള്ള പദ്ധതി ഉടൻ ഒരുങ്ങും. പദ്ധതി പൂർത്തിയാകുന്നതോടെ വിനോദസഞ്ചാരമേഖലയിൽ മലബാറിന്റെ ടൂറിസം ഹബ്ബായി വെള്ളിക്കിൽ മാറുമെന്ന് പ്രദേശം സന്ദർശിച്ച് എം.വി.ഗോവിന്ദൻ എം.എൽ.എ പറഞ്ഞു.

കുട്ടഞ്ചേരിയിൽ നിന്ന് തുടങ്ങി വെള്ളിക്കീൽ പാർക്ക് വരെ നാലര കിലോമീറ്റർ നീളത്തിൽ മനോഹരമായ നടപ്പാതയും സൈക്കിൾ പാത്തും നിർമ്മിക്കും. സാഹസിക ടൂറിസത്തിന്റെ ഭാഗമായൊരുക്കുന്ന കണ്ണാടിപാലം നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കും. നാലര കിലോമീറ്റർ വാക്ക് വേയിൽ സോളാർ വിളക്കുണ്ടാകും. ഇവിടെ സഞ്ചാരികൾക്ക് ചൂണ്ടയിടാനുള്ള സൗകര്യവും ഒരുക്കും. ചെറിയ ഹട്ടുകൾ, പെഡൽ ബോട്ട് എന്നിവയും സഞ്ചാരികൾക്കായി ഒരുക്കും.

ബഡ്ജറ്റിൽ എട്ടു കോടി രൂപ വെള്ളിക്കീൽ ടൂറിസം പദ്ധതിക്കുവേണ്ടി സർക്കാർ മാറ്റിവെച്ചിരുന്നു ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ, ടൂറിസംറവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.