പത്ത് ലക്ഷത്തിന്റെ ചന്ദന തടിയുമായി രണ്ടു പേർ പിടിയിൽ
പാലോട് :തൊണ്ണൂറ് കിലോയിലേറെ ചന്ദനത്തടികളുമായി രണ്ടു പേർ അറസ്റ്റിലായി. 5 മുതൽ 10ലക്ഷത്തിലധികം രൂപ വില വരുന്ന ചന്ദനത്തടികളാണ് പിടിച്ചെടുത്തത്. പാലക്കാട് നെല്ലായി മുഹമ്മദ് അലി (37), വർക്കല, മേൽവെട്ടൂർ കല്ലുവിള വീട്ടിൽ വിഷ്ണു.ആർ (29) എന്നിവരെയാണ് പിടികൂടിയത്.ഒന്നാംപ്രതി കഴിഞ്ഞ ഏതാനും മാസങ്ങളായി വർക്കല ഇടവയിൽ ആയിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടുത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് ചന്ദനതടിയും മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വലയിലായത്. നിരവധി ചാക്കുകളിൽ ചന്ദനത്തടികൾ അട്ടിയായി അടുക്കിയ നിലയിലായിരുന്നു. സംഘത്തിന്റെ പിന്നിൽ വലിയൊരു റാക്കറ്റുണ്ടന്ന് സംശയിക്കുന്നു. അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങിയശേഷം ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ വിപുലമാക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പാലോട് റെയിഞ്ച് ഓഫീസർ സുധീഷ് കുമാർ പറഞ്ഞു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ് കുമാർ, സെക്ഷൻ ഓഫീസർമാരായ അജയകുമാർ, സുകേഷ്, ബീറ്റ് ഓഫീസർമാരായ അഭിമന്യു, ഡോൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.