പീഡിപ്പിച്ച് ഗർഭിണിയാക്കി : 81 വർഷം കഠിനതടവും 80,000 രൂപ പിഴയും

Wednesday 19 March 2025 1:38 AM IST

കാട്ടാക്കട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾക്ക് 81 വർഷം കഠിനതടവും 80,000 രൂപ പിഴയും. വട്ടപ്പാറ പന്നിയോട് അഭിലാഷ് ചന്ദ്ര ഹൗസിൽ അനിൽകുമാർ(35) നെയാണ് വിവിധ വകുപ്പുകളിലായി കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ എട്ടുമാസം കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2023 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. രണ്ടാം ശനിയാഴ്ച വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് പീഡിപ്പിച്ചത്. തുടർ ദിവസങ്ങളിലും ആവർത്തിച്ചു. അസ്വസ്ഥത ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് അറിയുന്നത്. ഡോക്ടർ പൊലീസിൽ അറിയിക്കുകയും നെടുമങ്ങാട് പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് കൃത്യ സ്ഥലവും,ഇവിടെ ഉള്ള ആളാണ് ഉപദ്രവിച്ചതെന്നും പറഞ്ഞ പ്രകാരം കേസ് പാരിപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ അന്വേഷണത്തിലും ഡി.എൻ.എ പരിശോധനയിലും കുട്ടി പറഞ്ഞ ആൾ അല്ല കുറ്റം ചെയ്തതെന്നും പാരിപ്പള്ളി അല്ല സ്ഥലമെന്നും കണ്ടെത്തി. തുടർന്ന് തേക്കടയിലാണ് കൃത്യം നടന്നത് എന്നും കണ്ടെത്തി . വീണ്ടും കേസ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.പ്രതിയുടെ ഭീഷണി പ്രകാരമാണ് കുട്ടി ആദ്യം പാരിപ്പള്ളി എന്ന് പറഞ്ഞതെന്നും അന്വേഷണത്തിൽ പൊലീസ് മനസിലാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ.പ്രമോദ് കോടതിയിൽ ഹാജരായി. അന്നത്തെ നെടുമങ്ങാട് ഇൻസ്പെക്ടർ ശ്രീകുമാരൻ നായരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.