അസാധാരണ നീക്കവുമായി സുപ്രീംകോടതി: ആറംഗ ജഡ്ജിമാരുടെ സംഘം ശനിയാഴ്ച മണിപ്പൂരിലേക്ക്

Wednesday 19 March 2025 1:01 AM IST

ന്യൂഡൽഹി: കുക്കി-മെയ്‌തി സംഘർഷത്തിന്റെ മുറിവുകൾ ഇനിയുമുണങ്ങാത്ത മണിപ്പൂരിലേക്ക് ആശ്വാസ ദൗത്യവുമായി സുപ്രീംകോടതി. ആറംഗ സുപ്രീംകോടതി ജഡ്‌ജിമാരുടെ സംഘം ശനിയാഴ്ച മണിപ്പൂർ സന്ദർശിക്കും. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ അടുത്ത മുതിർന്ന ജഡ്‌ജിയും നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലാണിത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എം.എം.സുന്ദരേഷ്, കെ.വി.വിശ്വനാഥൻ, എൻ.കോട്ടീശ്വർ സിംഗ് എന്നിവരാണ് മറ്റ് അംഗങ്ങൾ. മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്‌ജിയായ കോട്ടീശ്വർ സിംഗ് സംഘത്തിന്റെ ഭാഗമാണെന്നത് ശ്രദ്ധേയം. ജസ്റ്റിസ് കെ.വി.വിശ്വനാഥൻ മലയാളിയാണ്.

കലാപത്തിൽ എല്ലാം നഷ്‌ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ഉൾപ്പെടെ ജഡ്ജിമാർ കാണും. നിയമസഹായ, മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യും. നാഷണൽ, സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടികൾ സംയുക്തമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ക്യാമ്പുകൾ ജസ്റ്റിസ് ഗവായ് ഉദ്ഘാടനം ചെയ്യും. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ഉഖ്റുൽ ജില്ലകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾക്ക് തുടക്കമിടും. മണിപ്പൂർ ഹൈക്കോടതിയുടെ 12ാം വാർഷികാഘോഷ ചടങ്ങിലും ജഡ്‌ജിമാരുടെ സംഘം പങ്കെടുക്കും. അതേസമയം ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​എ​ന്ന് മ​ണി​പ്പൂ​രി​ലെ​ത്തി​ ​ക്യാ​മ്പു​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കു​മെന്ന് കോ​ൺ​ഗ്ര​സ് ​നേ​താ​വ് പി.​ ​ചി​ദം​ബ​രം ചോദിച്ചു.

അന്തസോടെയുള്ള ജീവിതം ഉറപ്പാക്കാൻ

കലാപത്തിനിടെ വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നവർക്ക് സുരക്ഷയും മാനസിക പിന്തുണയും അന്തസോടെയുള്ള ജീവിതം പുനർനിർമ്മിക്കാൻ ആവശ്യമായ വിഭവങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി അറിയിച്ചു. കലാപബാധിതർക്ക് സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ലഭ്യമാക്കുന്നത് ഉറപ്പാക്കും. തെരുവിലിറങ്ങേണ്ടി വന്നവരുടെ ഭാവിജീവിതം കരുപിടിപ്പിക്കാൻ മണിപ്പൂരിലെ സർക്കാർ വകുപ്പുകൾ 5 പദ്ധതികൾ വീതം അവതരിപ്പിക്കും.

നിയമ സഹായ, മെഡി. ക്യാമ്പ്

1. ആരോഗ്യപരിപാലനം, പെൻഷൻ, തൊഴിൽ, തിരിച്ചറിയൽ രേഖകളുടെ പുനർനിർമ്മാണം എന്നിവ ഉറപ്പാക്കാനാണ് നിയമസഹായ ക്യാമ്പുകൾ

2. മെഡിക്കൽ കാമ്പിൽ ചെന്നൈയിൽ നിന്നുള്ള 25 വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘവും പങ്കെടുക്കും. ആറുദിവസത്തെ ക്യാമ്പിൽ ഇവരുടെ സേവനമുണ്ടാകും