മാമ്പഴം ഇല്ലാത്ത മാർച്ച് മാസം

Wednesday 19 March 2025 2:04 AM IST

കല്ലറ: മാമ്പഴക്കാലമായിട്ടും മാവിൻചുവട്ടിലും വഴിയോരത്തുമൊന്നും മാമ്പഴം കാണാനേയില്ല. മാമ്പഴക്കാലമാണെങ്കിലും വിപണിയിൽ നിറയുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മാങ്ങകളാണ്.സുലഭമായിരുന്ന മൂവാണ്ടൻ, കോട്ടുക്കോണം തുടങ്ങിയ നാടൻ ഇനങ്ങൾ ഇപ്പോൾ കിട്ടാനില്ല. പകരം ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മാങ്ങയാണ് എത്തുന്നത്.കനത്തചൂടും മഴകിട്ടാത്തതുമാണ് നാടൻ മാങ്ങകൾക്ക് തിരിച്ചടിയായത്. ചിലയിടങ്ങളിൽ ഇപ്പോഴും മാങ്ങ പാകമാകാത്ത അവസ്ഥയുണ്ട്. ഈ മാസത്തോടെ മാമ്പഴവിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മറുനാടൻ മാമ്പഴത്തിന് കിലോയ്ക്ക് 150 മുതൽ 280രൂപ വരെയാണ് വില.

പാകമാകാത്ത മാങ്ങകൾ കാത്സ്യംകാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്നുണ്ട്. ഇത്തരം മാങ്ങകൾക്ക് താരതമ്യേന വില കുറവാണെങ്കിലും ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വലുതാണ്. കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങകളുടെ ഉപയോഗം ക്യാൻസർ പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കും.

മാങ്ങവില

മൂവാണ്ടൻ............120-150

കർപ്പൂരം............200

കിളിച്ചുണ്ടൻ................... 150-200