സുനിത വില്യംസിനെ പോലെ കേരളം പ്രതിസന്ധി തരണം ചെയ്യും: ധനമന്ത്രി
തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും നികുതി വിഹിതത്തിൽ കുറവ് വരുത്തിയും കേന്ദ്രം കഴുത്തിന് പിടിച്ചിട്ടും സംസ്ഥാനം നിവർന്നു നിൽക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്രം നിലപാട് മാറ്റുമെന്ന പ്രതീക്ഷയാണുള്ളത്. ബഹിരാകാശത്തുനിന്ന് പ്രതിസന്ധികൾ തരണം ചെയ്ത് ഇന്ന് ഭൂമിയിലെത്തുന്ന സുനിത വില്യംസിനെ പോലെ കേരളം വീണ്ടും ശക്തമായി മുന്നോട്ടുപോകും.
സാമ്പത്തികകാര്യത്തിൽ ഈ വർഷം സേഫ് ലാൻഡിംഗ് വരുന്നതോടെ അടുത്തവർഷം നല്ല ടേക്ക് ഓഫ് ഉണ്ടാവും. പെട്രോളിനും ഡീസലിനുമുള്ള സെസ് പിൻവലിക്കുന്ന കാര്യം ആലോചനയിലില്ല. സെസിൽനിന്ന് വലിയ തോതിൽ വരുമാനമുണ്ടാകുന്നില്ല. സെസ് ഏർപ്പെടുത്തിയതു കൊണ്ട് ഇന്ധന വില്പന കുറഞ്ഞെന്ന് പറയാനാവില്ല.
വ്യാവസായിക ലക്ഷ്യത്തോടെ പെട്രോളും ഡീസലും കൊണ്ടുവരാനുള്ള സാഹചര്യം ഇവിടെയുണ്ട്. അത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതിയിൽ വരുന്നതല്ല. അതിനാൽ 15 രൂപവരെ വിലകുറച്ച് നൽകാനാവും. പക്ഷേ, ഇതിന്റെ പേരിൽ കൊള്ള നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.