ഒരുമുറിയിലാണ് ഉറക്കം, എന്നാൽ അച്ഛനും അമ്മയ്ക്കും ആ നിബന്ധനയുണ്ട്, രഹസ്യം വെളിപ്പെടുത്തി അഹാന കൃഷ്ണ
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായതിനാൽ ഒരു പ്രത്യേക ഇഷ്ടക്കൂടുതലും മലയാളികൾക്ക് അഹാനയോട് ഉണ്ട്. അച്ഛനും അമ്മയും സഹോദരിമാരുമടങ്ങുന്ന കുടുംബം തന്നെയാണ് താരത്തിന്റെ ശക്തി. എല്ലാ അർത്ഥത്തിലും മാതൃകാ കുടുംബം.
ഇപ്പോഴിതാ തങ്ങളുടെ ഒരു സ്പെഷ്യൽ കുടുംബമാണെന്നും, എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നതെന്നും, അച്ഛനും അമ്മയ്ക്കും അത് നിർബന്ധമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അഹാന.
'ഒരു മുറിയിൽ ഉറങ്ങുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങാം എന്നതാണ്. ഇതിൽ വലിയൊരു മണി മാനേജ്മെന്റ് ഉണ്ട്. ഞങ്ങൾ നാലുപേരും നാലുമുറിയിൽ കിടന്നാൽ സ്വാഭാവികമായും നാല് എ.സി കൂടുതൽ പ്രവർത്തിപ്പിക്കേണ്ട? ഇതാകുമ്പോൾ വൈദ്യുതി ബില്ലും കൂടില്ല'- താരം പറഞ്ഞു.
ബെഡ്റൂമിൽ കയറും മുമ്പ് എല്ലാവരും മൊബൈൽ പുറത്ത് വയ്ക്കണമെന്ന നിബന്ധന മാത്രമേയുള്ളുവെന്നും താരം വ്യക്തമാക്കി. സ്വന്തമായി ലേഡീസ് ഹോസ്റ്റൽ നടത്തുന്ന ഏക നടൻ എന്നാണ് അച്ഛനെ ട്രോളന്മാർ വിളിക്കുന്നതെന്നും തങ്ങളെല്ലാവരും അത്തരം തമാശകൾ ആസ്വദിക്കുന്നവരാണെന്നും അഹാന ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു