ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം

Wednesday 19 March 2025 12:44 AM IST

തൃശൂർ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന കിയോസ്‌ക്ക് പ്രവർത്തനം തുടങ്ങി. 9,55,000 രൂപ ചെലവാക്കിയാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും നടത്തറ പഞ്ചായത്തും സംയുക്തമായി പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആദ്യ കിയോസ്‌ക്ക് മൂർക്കനിക്കര ഗവ. യു പി സ്‌കൂൾ ഗ്രൗണ്ടിന് സമീപം പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ കിയോസ്‌ക്ക് നടത്തറപഞ്ചായത്തിലെ പൂച്ചട്ടിയിൽ ഉടൻ സ്ഥാപിക്കും. ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി നിർവഹിച്ചു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.ആർ. രജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അമൽ റാം, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കെ. മോഹനൻ, വ്യാപാരി വ്യവസായി പ്രതിനിധി ജോസ് തുടങ്ങിയവർ സംസാരിച്ചു.