പുട്ടിൻ - ട്രംപ് ചർച്ച : യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ല

Wednesday 19 March 2025 7:19 AM IST

മോസ്‌കോ: യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം 30 ദിവസം നിറുത്തിവയ്ക്കുമെന്ന് റഷ്യ. ഇന്നലെ രാത്രി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിർദ്ദേശം മുന്നോട്ടുവച്ചത്. ട്രംപിന്റെ നിർദ്ദേശം അംഗീകരിച്ച പുട്ടിൻ ഉടൻ തന്നെ സൈന്യത്തിന് നിർദ്ദേശവും നൽകി. യുക്രെയിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. യുക്രെയിനും റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കാൻ പാടില്ലെന്നാണ് നിബന്ധന.

അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഉടൻ തന്നെ മിഡിൽ ഈസ്റ്റിൽ തുടങ്ങാനും ട്രംപും പുട്ടിനും ധാരണയായി. സംഭാഷണം രണ്ടര മണിക്കൂറിലേറെ നീണ്ടു. ജനുവരിയിൽ ട്രംപ് അധികാരത്തിലേറിയ ശേഷം പുട്ടിനുമായി നടത്തിയ രണ്ടാമത്തെ ഫോൺ സംഭാഷണമായിരുന്നു ഇത്. അടുത്തിടെ യു.എസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിറുത്തൽ നിർദ്ദേശത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നതായി പുട്ടിൻ പറഞ്ഞിരുന്നു. എന്നാൽ നിരവധി ചോദ്യങ്ങളുടെ ഉത്തരം തങ്ങൾക്ക് ലഭിക്കാനുണ്ടെന്നും അത് പരിഹരിക്കാതെ പോരാട്ടം നിറുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ കരാർ യുക്രെയിൻ അംഗീകരിച്ചിരുന്നു.