'ഉപ്പയുടെ കൈ തട്ടിമാറ്റി ഇറങ്ങിപ്പോയ കുട്ടി, വിവാഹത്തിന് മുൻപുതന്നെ യാസിറിന്റെ ലഹരി ഉപയോഗം അറിയാമായിരുന്നു'

Wednesday 19 March 2025 4:20 PM IST

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയ്ക്ക് ഭർത്താവ് യാസിറിന്റെ ലഹരി ഉപയോഗം വിവാഹത്തിന് മുൻപുതന്നെ അറിയാമായിരുന്നുവെന്ന് വിവരം. യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നു. ഇത് വകവയ്ക്കാതെയാണ് ഷിബില യാസിറിനെ വിവാഹം ചെയ്തത്. 2020ലായിരുന്നു വിവാഹം.

'ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്. അവൻ പണ്ടേ പെൺകുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു. അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്. ഇന്ന് അവന്റെ കത്തിയിൽ തീർന്നു' -നാട്ടുകാർ പറയുന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് താമരശേരിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയാണ് (21) കൊല്ലപ്പെട്ടത്. ഭർത്താവ് യാസിറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് ഇയാൾ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ലക്ഷ്യം ഭാര്യയുടെ പിതാവ് അബ്ദുറഹ്മാനായിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഭാര്യയെ തന്നിൽ നിന്ന് അകറ്റിയത് അബ്ദുറഹ്മാനാണെന്നായിരുന്നു ഇയാൾ കരുതിയിരുന്നത്. ഭാര്യാപിതാവിനെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങി കൈയിൽ സൂക്ഷിച്ചു. ഷിബിലയെ കൊല്ലാൻ വിചാരിച്ചിരുന്നില്ലെന്നും അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ആക്രമണ സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ല.

വിവാഹശേഷം തുടക്കം മുതൽ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പ്രണയ വിവാഹമായതിനാൽ ഷിബില വീട്ടുകാരോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല. അടുത്തിടെ വിവാഹബന്ധം വേർപെടുത്താൻ യുവതി തീരുമാനിച്ചു. തുടർന്ന് മകളെയും കൂട്ടി ഷിബില സ്വന്തം വീട്ടിലേക്ക് പോയി. ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് ഷിബില പല തവണ യാസിറിനോട് പറഞ്ഞിരുന്നു. യുവതിയെ കൊല്ലുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും ഇയാളുടെ ശല്യം തുടർന്നുവെന്നും പറയുന്നു.