ആറളത്ത് തുരത്തൽ ദൗത്യം തുടരുന്നു കാട്ടാനകളെ കണ്ടെത്താൻ ഡ്രോണുകളും

Wednesday 19 March 2025 10:14 PM IST

ഇരിട്ടി :ആറളം ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിന് പുനരാരംഭിച്ച ദൗത്യത്തിന്റെ മൂന്നാം ദിവസം പിന്നിട്ടു. ഇന്നലെ രാവിലെ വയനാടൻ കാട്ടിൽ നിന്നാണ് കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം വൈൽഡ് ലൈഫ്, സോഷ്യൽ ഫോറസ്റ്ററി കണ്ണൂർ എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ദൗത്യം തുടങ്ങിയത്.

രാവിലെ ബ്ലോക്ക്‌ പതിമൂന്ന് ഓടച്ചാൽ ഭാഗത്ത്‌ ഡ്രോൺ ഉപയോഗിച്ച് ആനകളെ തിരഞ്ഞു. ഇതിന് ശേഷം ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ വയനാടൻ കാട് ഭാഗത്ത് നിന്ന് ആനകളെ തുരത്തൽ നടപടി തുടങ്ങുകയായിരുന്നു.ഇവിടെ ഉണ്ടായിരുന്ന കൊമ്പനെ ഫാം സ്കൂൾ ഹെലിപ്പാട് താളിപ്പാറ കോട്ടപ്പാറ പുളിതട്ട് വഴി വന്യജീവി സങ്കേതത്തിൽ കയറ്റി വിട്ടു. ഇന്നലെ ദൗത്യത്തിൽ ഒരു ആനയെയാണ് കാട്ടിലേക്ക് കയറ്റിയത്. ദൗത്യം നാളെ തുടരും. ഇതോടൊപ്പം കോട്ടപ്പാറ ഭാഗത്ത്‌ സോളാർ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്.