ബഹിരാകാശ ഇതിഹാസം; ഭൂമിയുടെ മടിയിൽ സുരക്ഷിതയായി സുനിത
വാഷിംഗ്ടൺ: 'എന്താ ഒരു യാത്ര ! ക്യാപ്സ്യൂളിനുള്ളിൽ പുഞ്ചിരി നിറഞ്ഞിരിക്കുന്നു...' ലാൻഡിംഗിനു പിന്നാലെ പേടകത്തിൽ നിന്ന് കമാൻഡർ നിക്ക് ഹേഗിന്റെ സന്ദേശം കൺട്രോൾ സെന്ററിൽ ലഭിച്ചു.സുനിതയും സംഘവും സുരക്ഷിതർ. നിറഞ്ഞകൈയടികളോടെ സുനിതയുടെ 'റീ എൻട്രി' ലോകം ആഘോഷമാക്കി.
നാസയും സ്പേസ് എക്സും കണക്കുകൂട്ടിയ കൃത്യസമയത്തായിരുന്നു ലാൻഡിംഗ്. നീലാകാശത്തുനിന്ന് കടലിലേക്ക് ആ താഴികക്കുടം വന്നിറങ്ങി. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.27നാണ് മെക്സിക്കോ ഉൾക്കടലിലെ (ഗൾഫ് ഒഫ് അമേരിക്ക) തിരമാലകളിൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം പേടകം മുത്തമിട്ടത്. ഫ്ലോറിഡയിലെ ടാലഹാസി നഗരത്തോട് ചേർന്ന ഇടമാണിത്.
ഒൻപത് മാസം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടിവന്ന സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയുടെ കരങ്ങളിലെത്തിയ ആവേശത്തിലാണ് ലോകം.
യു.എസ് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ചെറുബോട്ടുകൾ പേടകത്തെ പലവട്ടം വലംവച്ചു. എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കി. പ്രകൃതിയുടെ വരവേല്പായി ഡോൾഫിനുകളും വലംവച്ചു.
നാസയും സ്പേസ് എക്സും അറിയിച്ച പ്രകാരമായിരുന്നു ലാൻഡിംഗ്. സെപ്തംബറിൽ നിലയത്തിൽ എത്തിയ നിക്ക് ഹേഗും അലക്‌സാണ്ടർ ഗോർബുനോവും മടക്കയാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.
ഒരു മണിക്കൂറിനുള്ളിൽ പുറത്തേക്ക്
1.ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് എതിർ ദിശയിൽ ആയം കൊടുത്ത് യാത്രാവേഗം നിയന്ത്രിച്ചായിരുന്നു ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രയാണം.പേടകം ഭൂതലത്തിലേക്ക് അടുത്തതോടെ മന്ദമായി താഴേക്ക് വരാൻ നാല് ഭീമൻ പാരച്യൂട്ടുകൾ വിടർത്തി. ജലോപരിതലത്തിൽ വന്നുതൊട്ട ട്രാഗൺ പേടകം പന്തുപോലെ പൊന്തിക്കിടന്നു. ഒരു മണിക്കൂറിനുള്ളിൽ പുറത്തിറക്കി.
2.പേടകം ഇറങ്ങിയ ഉടൻ റിക്കവറി ടീം ബോട്ടുകളിൽ എത്തി സുരക്ഷ ഉറപ്പാക്കി. പാരച്യൂട്ടുകൾ വീണ്ടെടുത്തു. സ്പേസ് എക്സിന്റെ എം.വി. മേഗൻ കപ്പലിലേക്ക് പേടകത്തെ മാറ്റി. ശുദ്ധജലം ഉപയോഗിച്ച് കഴുകി
പേടകവാതിൽ തുറന്ന് ക്യാമറ അകത്തേക്ക് കടത്തി.സുനിതയും സംഘവും ക്യാമറയെ നോക്കി ലോകത്തെ അഭിവാദ്യം ചെയ്തു.
3. യാത്രയിലെ കമാൻഡറായ നിക്ക് ഹേഗിനെ ആദ്യം പുറത്തെത്തിച്ചു. അലക്‌സാണ്ടർ ഗോർബുനോവ് തൊട്ടുപിന്നാലെ. മൂന്നാമതായി സുനിതയും അവസാനമായി ബുച്ച് വിൽമോറും പുറത്തെത്തി.
4. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്. സ്ട്രെചറിൽ പുറത്തേക്ക് മാറ്റി. നാലുപേരും പുഞ്ചിരിയോടെ കൈവീശി
മെഡിക്കൽ പരിശോധനയ്ക്കു ശേഷം ഹെലികോപ്റ്ററിൽ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ.
ജീവിതത്തിലേക്ക്
മടങ്ങാൻ
പഴയപടി ജീവിതത്തിലേക്ക് മടങ്ങാൻ 45 ദിവസത്തെ പരിപാലനം വേണ്ടിവരും.
ശക്തി, വഴക്കം, നടക്കാനുള്ള കഴിവ് എന്നിവ വീണ്ടെടുക്കുന്നത് ആദ്യ ഘട്ടം.രണ്ടാം ഘട്ടത്തിൽ സന്തുലിതാവസ്ഥയും ചലനശേഷിയും കൂട്ടാനും ഹൃദയാരോഗ്യം ഉറപ്പാക്കാനും വ്യായാമങ്ങൾ.ആരോഗ്യം വീണ്ടെടുക്കാനുള്ള ഫംഗ്ഷണൽ ഡെവലപ്മെന്റ് ട്രെയിനിംഗ് മൂന്നാം ഘട്ടം.