ഏഴു തവണ തിരഞ്ഞെടുപ്പ് ജയിച്ചു, കാരുണ്യമല്ല: ഷാ

Thursday 20 March 2025 12:27 AM IST

ന്യൂഡൽഹി: ഏഴ് തവണ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ആളാണെന്നും ഏതെങ്കിലും പ്രത്യശ ശാസ്‌ത്രത്തെ എതിർക്കുന്നതിന്റെ പേരിൽ ആരുടെയെങ്കിലും കാരുണ്യം കൊണ്ട് നേതാവായതല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെ തൃണമൂൽ എം.പി സാകേത് ഗോഖലെയുടെ പരാമർശമാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്. ചർച്ചയ്‌ക്കിടെ സി.ബി.ഐ രജിസ്റ്റർ ചെയ്‌ത അഴിമതി കേസുകൾ 20 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നുണ്ടെന്ന് ഗോഖലെ ആരോപിച്ചിരുന്നു. ഇതേ ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കു തർക്കമുണ്ടായി. ചർച്ച ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടാണെന്നും സി.ബി.ഐ മന്ത്രാലയത്തിന്റെ പരിധിയിൽ അല്ലെന്നും ഷാ വിശദീകരിച്ചു. ഗോഖലെ മാപ്പ് പറയണമെന്നും ഷായ്‌ക്കെതിരായ പരാമർശങ്ങൾ പിൻവലിക്കണമെന്നും രാജ്യസഭാ നേതാവ് ജെ.പി. നദ്ദ ആവശ്യപ്പെട്ടു.