ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, ഡ്രൈവർ പിടിയിൽ

Thursday 20 March 2025 7:59 AM IST

മലപ്പുറം: കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽജാർ ഹുസൈനിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം വീണ്ടും കയറ്റി ഇറക്കിയതായി നാട്ടുകാർ പറഞ്ഞു. വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചയോടെയാണ് പൊലീസ് കണ്ടെത്തിയത്. അഹദുൽ ഇസ്‌ലാമും ഗുൽജാർ ഹുസൈനും കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അഹദുൽ റോഡിലൂടെ നടന്നുപോയത്. ഓട്ടോയിലെത്തിയ പ്രതി യുവാവിനെ പിറകിലൂടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.