'ദാമ്പത്യത്തില്‍ ഇതെല്ലാം സ്വാഭാവികം', ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ലെന്ന് നടി ഭാവന

Thursday 20 March 2025 6:42 PM IST

ചെന്നൈ: മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള നടിയാണ് ഭാവന. അടുത്തകാലത്തായി മോളിവുഡില്‍ സജീവമല്ലെങ്കിലും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണവര്‍. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരിക്കുകയാണ് ഭാവന. തനിക്ക് ആരുടെ മുന്നിലും ഒന്നും തെളിയിച്ച് കാണിക്കാനില്ലെന്നും ദാമ്പത്യ ജീവിതത്തില്‍ വഴക്ക് സ്വാഭാവികമായ കാര്യമാണെന്നും ഭാവന പറഞ്ഞു. തമിഴ് മാദ്ധ്യമങ്ങളോടാണ് നടിയുടെ പ്രതികരണം.

കന്നട ചലച്ചിത്ര നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ ഭര്‍ത്താവ്. 2018ലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ മറ്റ് നടിമാരെ പോലെ ഭാവന തുടര്‍ച്ചയായി പോസ്റ്റ് ചെയ്യാറില്ല. എല്ലാ ദിവസവും സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ദമ്പതികളല്ല തങ്ങളെന്നാണ് നടി പറയുന്നത്. ഫോട്ടോ പങ്കുവച്ച് യു ആര്‍ മൈന്‍ പോലുള്ള ഡയലോഗുള്‍ ക്യാപ്ഷനായി നല്‍കുന്നത് വളരെ ക്രിഞ്ചായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ഭാവന പറഞ്ഞു.

താന്‍ എപ്പോഴെങ്കിലും ഒരു പഴയ ഫോട്ടോ പങ്കുവച്ചാല്‍, ഇത് പഴയ ഫോട്ടോയാണെന്നും ഭര്‍ത്താവുമായി എന്തോ പ്രശ്‌നമുണ്ടെന്നും ആളുകള്‍ കമന്റ് ചെയ്യാറുണ്ട്. എല്ലാ ദിവസവും ഭര്‍ത്താവിനൊപ്പം നിന്ന് ഫോട്ടോയെടുക്കാറില്ലെന്നാണ് ഇതിന് താന്‍ നല്‍കിയ മറുപടിയെന്നും ഭാവന പറഞ്ഞു.

''ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹമാദ്ധ്യമത്തിലൂടെ പറയുന്ന ആളല്ല. നിങ്ങള്‍ തന്നെ ചിന്തിച്ചുനോക്കൂ... എല്ലാ ദിവസവും ഞാന്‍ അമ്മയ്‌ക്കൊപ്പമാണ്, ചേട്ടനൊപ്പമാണ്. വരൂ സെല്‍ഫിയെടുക്കാമെന്ന് പറഞ്ഞ് എന്നും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനാകുമോ? അതൊന്നും ഞങ്ങള്‍ ചിന്തിക്കുന്നതുപോലുമില്ല. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പറയുന്ന വ്യക്തിയല്ല ഞാന്‍. അങ്ങനെ പറയുന്നത് തെറ്റാണെന്നല്ല. അതൊക്കെ ഓരോര്‍ത്തരുടെ സ്വാതന്ത്ര്യമാണ്. എനിക്ക് അതിനോട് യോജിപ്പില്ലെന്ന് മാത്രം. നിലവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇനിയെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞാന്‍ തന്നെ അറിയിക്കാം. ആരുടെ മുന്‍പിലും തെളിയിക്കാനായി എനിക്കൊന്നും ചെയ്യാനാകില്ല''. - ഭാവന പറഞ്ഞു.