ചൂടിനൊപ്പം ഇളനീരും പൊള്ളുന്നേ...

Friday 21 March 2025 2:02 AM IST

കല്ലറ: തേങ്ങ വിലയ്ക്കൊപ്പം ഉയർന്ന് ഇളനീർ വിലയും. ഒരാഴ്ച മുൻപ് 35 രൂപ വരെയുണ്ടായിരുന്ന ഇളനീരിനിപ്പോൾ 50 രൂപ വരെയുണ്ട്. വേനൽച്ചൂടിൽ ഇളനീർ വില്പന വർദ്ധിച്ചത് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻവർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്. മാസങ്ങളായി നാളികേര വില ഉയർന്നു നിൽക്കുകയാണ്. ഇത്തവണ ഉത്പാദനം കുറഞ്ഞതാണ് കാരണം. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമം നേരിടുന്നതായി കച്ചവടക്കാർ പറയുന്നു. വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങ വില കിലോയ്ക്ക് 75 രൂപ വരെയെത്തി.

തമിഴ്നാട് ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നും വരവ് കുറവാണ്. പൊള്ളാച്ചിയിൽനിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്

കുരങ്ങുശല്യം കാരണം ഇളനീരും തേങ്ങയും നാട്ടിൻപുറത്തും കിട്ടാനില്ല

വേനൽച്ചൂട് കൂടുന്നതോടെ കച്ചവടവും കൂടും

വേനൽക്കാല അസുഖങ്ങൾ കൂടിയതും കൂടുതൽ പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്

2മാസം കൂടി ചൂട് തുടരുമെന്നതിനാൽ ഇളനീർവില ഉടനൊന്നും കുറയാൻ സാദ്ധ്യതയില്ലെന്ന് കച്ചവടക്കാർ പറയുന്നു