ശ്രദ്ധേയമായി വയോഗ്രാമം ആനന്ദഗ്രാമം പദ്ധതി
കാട്ടാക്കട: ഗ്രാമപഞ്ചായത്തിലെ വയോധികർക്കുള്ള വയോഗ്രാമം ആനന്ദഗ്രാമം പദ്ധതി ശ്രദ്ധേയമാകുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കോ സ്വന്തം ഗ്രാമംവിട്ട് പുറത്തേക്കോ പോകാത്ത നിരവധി വയോധികരാണ് പദ്ധതിയിലൂടെ ഉല്ലാസയാത്ര നടത്തിയും വയോജന കലോത്സവത്തിൽ പങ്കെടുത്തും വാർദ്ധക്യകാലം സന്തോഷകരമാക്കുന്നത്.
വയോജന കലോത്സവം,വയോജന ഉല്ലാസയാത്ര, വയോജന മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ നിന്ന് 65 വയോധികരുമായി 2 ബസുകൾ യാത്രതിരിച്ചു. കോട്ടൂർ,വിഴിഞ്ഞം,കോവളം എന്നിവിടങ്ങളിലേക്കായിരുന്നു വയോധികരുടെ വിനോദയാത്ര. വിവിധ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രിയോടെ മടങ്ങിയെത്തി. കാരണവർ ആരോഗ്യം എന്ന പദ്ധതിയും കാട്ടാക്കട ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. 21 അങ്കണവാടികളിലായി ശീതീകരണ സംഭരണിയിൽ പ്രമേഹ രോഗികളുടെ ഇൻസുലിൻ സൂക്ഷിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.