ഭാര്യ അശ്ലീല വീഡിയോകൾ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് കോടതി
ചെന്നൈ: ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ഭർത്താവ് നൽകിയ വിവാഹ മോചന ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹമോചനം അനുവദിക്കാത്ത കീഴ്ക്കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, ആർ. പൂർണിമ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
ഭാര്യ അശ്ലീല ചിത്രങ്ങൾക്ക് അടിമയാണെന്നും സ്വയംഭോഗം ചെയ്യാറുണ്ടെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചിരുന്നു,. ഭാര്യ പണം ധൂർത്തടിക്കുകയാണെന്നും വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും മാതാപിതാക്കളോട് മോശമായി പെരുമാറുന്നുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളൊന്നും ഭാര്യയുടെ ക്രൂരതകളായി തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യമായി ഇത്തരം വീഡിയോകൾ കാണുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞു. പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും സ്വയംഭോഗം ചെയ്യാനുള്ള അവകാശമുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യം അടിയറ വയ്ക്കാനാവില്ല. അതേസമയം അശ്ലീല വീഡിയോകളോടുള്ള ആസക്തി മോശമായ കാര്യമാണെന്നും എന്നാൽ ഇതി വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാനാലില്ലെന്നും കോടതി വ്യക്തമാക്കി.