നെല്ല് സംഭരണം തുടങ്ങി,​ കിഴിവിൽ അവ്യക്തത

Friday 21 March 2025 1:14 AM IST

ആലപ്പുഴ: കുട്ടനാടൻ പാടശേഖരങ്ങളിലെ നെല്ല് സംഭരണം വേഗത്തിലാക്കാൻ കർഷകരും മില്ലുഉടമകളുമായി കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായെങ്കിലും കിഴിവിന്റെ കാര്യത്തിൽ അവ്യക്തത തുടരുന്നു. അതുകൊണ്ടുതന്നെ സംഭരണത്തിന്റെ ആദ്യ ദിവസമായ ഇന്നലെ മില്ലുകാരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. പാലക്കാട് നിന്നുള്ള മില്ലുകാരാണ് സംഭരണത്തിൽ നിന്ന് പൊതുവെ വിട്ടുനിന്നത്.

ഈർപ്പം, കറുവ എന്നിവയുടെ പേരിൽ 2മുതൽ 7കിലോ വരെ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്. ഇതിൽ കർഷകർക്ക് ശക്തമായ എതിർപ്പുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയോ,​ വകുപ്പുമന്ത്രിയോ ഇടപെടണമെന്നതാണ് ഇവരുടെ ആവശ്യം.

ആശങ്കയായി വേനൽമഴ

കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്തെ 38ശതമാനം പാടശേഖരങ്ങളിലും കൊയ്‌ത്ത് കഴിഞ്ഞെങ്കിലും നെല്ല് പാടത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത വേനൽ മഴയിൽ നെല്ല് കുതിരുന്ന അവസ്ഥയുണ്ട്. 10837.46 ഹെക്ടറിലെ 59243.96മെട്രിക് ടൺ നെല്ലാണ് വിളവെടുപ്പ് നടത്തിയത്. ഇതിൽ 24435.443മെട്രിക്ടൺ നെല്ല് മാത്രമാണ് സംഭരിക്കാൻ കഴിഞ്ഞത്. ഇത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

കളക്ടടെ സാന്നി​ദ്ധ്യത്തി​ൽ ചർച്ച നടത്തിയിട്ടും സി​വി​ൽസപ്ളൈസ് കോർപ്പറേഷനുമായി​ കരാറി​ൽ ഏർപ്പെട്ട മി​ല്ലുകാർ നെല്ല് സംഭരി​ക്കാത്തത്​കർഷകർരെ സമ്മർദ്ദത്തി​ലാക്കുന്നു.​ കൂടുതൽ കി​ഴി​വ് ആവശ്യപ്പെടാനുള്ള തന്ത്റമാണിത്

-സോണി​ച്ചൻ പുളി​കുന്ന്, ജനറൽ സെക്രട്ടറി​, നെൽകർഷക സംരക്ഷണ സമി​തി​

നെല്ല് സംഭരണത്തിൽ നിന്ന് മില്ലുടമകൾ പിന്മാറി നി​ൽക്കുന്ന സാഹചര്യത്തിൽ കൃഷിമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തണം. അന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന മില്ലുടമകളെ ഒഴിവാക്കി പകരം സംവിധാനം ഏർപ്പെടുത്തണം

- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ