കണ്ണൂരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; സംഭവം കൊലപാതകമെന്ന് സംശയം, പ്രതി കസ്റ്റഡിയില്‍

Thursday 20 March 2025 9:18 PM IST

കണ്ണൂര്‍: കണ്ണൂര്‍ കൈതപ്രത്ത് ഒരാള്‍ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന്‍ (49) എന്നയാളാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. പ്രദേശത്ത് നിന്ന് നാടന്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ള ഒരാള്‍ കസ്റ്റഡിയിലായി. എന്നാല്‍ പൊലീസ് മറ്റ്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. നിര്‍മാണ കരാറുകാരനായ സന്തോഷ് ആണ് കസ്റ്റഡിയിലെന്നാണ് വിവരം. ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

കസ്റ്റഡിയിലുള്ളയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചില മുന്നറിയിപ്പ് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇയാള്‍ ഈ പ്രദേശത്ത് തന്നെയുള്ള ആളാണ്. പന്നിയെ വെടിവയ്ക്കുന്നതിന് ഉള്‍പ്പെടെ ഉപയോഗിക്കുന്ന തോക്ക് ഉപയോഗിച്ചാണ് വെടിവച്ചിരിക്കുന്നത്. സ്ഥലത്ത് പൊലീസ് എത്തിയതായി പാണപ്പുഴ പഞ്ചായത്ത് അംഗം സുജിത്ത് കടന്നപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു. സമീപത്തെ വോളീബോള്‍ കോര്‍ട്ടില്‍ കളിക്കുകയായിരുന്ന ആളുകളാണ് കെട്ടിടത്തില്‍ നിന്ന് വെടിയൊച്ച കേട്ടതും വിവരം മറ്റുള്ളവരെ അറിയിച്ചത്.

പൊലീസ് എത്തിയപ്പോള്‍ കെട്ടിടത്തിന് പുറത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത പെരുമ്പടവ് പഞ്ചായത്തിലെ അംഗമാണ് കസ്റ്റഡിയിലുള്ള ആളാണെന്ന് സുജിത് പറയുന്നു. കാട്ടുപന്നികളെ വെടിവയ്ക്കുന്ന റസ്‌ക്യൂ സംഘത്തിലെ അംഗമാണ് കസ്റ്റഡിയിലുള്ള ആളെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇരുവരും തമ്മില്‍ എന്തോ ഒരു തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസില്‍ പരാതി നിലനില്‍ക്കുന്നതായിട്ടാണ് പൊലീസ് പറയുന്നു.