വസ്തു തർക്കം: വൃദ്ധനെ ബന്ധു കുത്തിക്കൊന്നു

Friday 21 March 2025 1:45 AM IST

നെയ്യാറ്റിൻകര: വസ്തു തർക്കത്തെ തുടർന്ന് വൃദ്ധനെ ബന്ധുവും അയൽക്കാരനുമായ ആൾ കുത്തിക്കൊന്നു. മാവിളക്കടവ് കുഴിവിള വീട്ടിൽ ശശിയാണ് (70) കൊല്ലപ്പെട്ടത്. അയൽക്കാരനായ സുനിൽ ജോസിനെ (മണിയൻ) പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

വസ്തു തർക്കത്തെ തുടർന്ന് ശശിയുടെ മകളുടെ വീടിനരികിലെ അതിർത്തി താലൂക്ക് സർവ്വേ ഉദ്യോഗസ്ഥരുടെ നേത‌ൃത്വത്തിൽ അളക്കുന്നതിനിടെയായിരുന്നു സംഭവം. തന്റെ വസ്തു ശശി കൈയേറിയെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ ശശിയുടെ പിന്നിലൂടെയെത്തിയ മണിയൻ അരയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശശിയുടെ ഭാര്യയും മകളും നിലവിളിച്ചുകൊണ്ട് ഓടിയെത്തിയെങ്കിലും മണിയനെ പിന്തിരിപ്പിക്കാനായില്ല.

ഇടുപ്പിൽ രണ്ടിലേറെ തവണ കുത്തേറ്റ ശശി സംഭവസ്ഥലത്തു തന്നെ മരിച്ചു. ശശിയും മണിയനും ബന്ധുക്കളാണെങ്കിലും വസ്തു തർക്കത്തെ തുടർന്ന് മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ശശി മകൾക്ക് വാങ്ങിക്കൊടുത്ത വസ്തുവിന്റെ പേരിലാണ് തർക്കം.

ഗൾഫിൽ നിന്ന് തിരിച്ചെത്തിയ മണിയൻ ഇപ്പോൾ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ശശി കൃഷിപ്പണിക്കാരനാണ്. ലിസിയാണ് ഭാര്യ. മക്കൾ: സജിത, സരിത. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.