ജീവനക്കാരെ മർദ്ദിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ

Friday 21 March 2025 1:02 AM IST

ശംഖുംമുഖം: സപ്ലൈകോ ജില്ലാ ഡിപ്പോയിലെ ജീവനക്കാരെ മർദ്ദിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ.ഡിപ്പോയിലെ ഐ.എൻ.ടി.യു.സി കയറ്റിറക്ക് തൊഴിലാളിയായ മാഹീനെയാണ് പൊലീസ് പിടികൂടിയത്.സംഭവത്തിനുശേഷം ചേർത്തലയിലെ ഭാര്യവീട്ടിൽ ഇയാൾ ഒളിവിൽ താമസിക്കുന്നുവെന്ന് വിവരം കിട്ടിയിരുന്നു. തുടർന്ന് വലിയതുറ പൊലീസ് ചേർത്തല പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു.

പോത്തൻകോട് സൂപ്പർമാർക്കറ്റിലെ ബ്രാഞ്ച് മാനേജരായ വിഷ്ണു,ഡിപ്പോ അസിസ്റ്റന്റ് മാനേജർ ബിജു,ജീവനക്കാരൻ സന്തോഷ് എന്നിവരെ മർദ്ദിച്ച കേസിലാണ് ഇയാൾ പിടിയിലായത്.സംഭവത്തിലെ മൂന്നാം പ്രതി ഫൈസൽഖാനെ രണ്ടു ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടികൂടിയിരുന്നു.സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.