കളക്ടറേറ്റിലെ തേനീച്ചക്കൂടുകൾ നീക്കം ചെയ്‌തു
തിരുവനന്തപുരം: കളക്ടറേറ്റിൽ രണ്ടുദിവസം തുടർച്ചയായി ജീവനക്കാരെ ആക്രമിച്ച തേനീച്ചകളുടെ കൂടുകളടക്കം നീക്കം ചെയ്തു.ഇതിനായി ചുമതലപ്പെടുത്തിയ സംഘമെത്തി കഴിഞ്ഞ ദിവസം രാത്രിയാണ് കൂടുകൾ നീക്കം ചെയ്തത്. ജില്ലാകളക്ടറുടെ നിർദ്ദേശമനുസരിച്ച് എ.ഡി.എം ചുമതലപ്പെടുത്തിയ സംഘമാണ് എത്തിയത്. കളക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന എട്ട് കൂട്ടുകളാണ് നീക്കം ചെയ്തത്.
ഇവിടെനിന്ന് വർഷങ്ങളായി തേൻ ശേഖരിച്ച് വിൽക്കുന്ന തമിഴ്നാട് സ്വദേശികളാണ് കൂടുകൾ നീക്കം ചെയ്തത്.തേനീച്ചക്കൂടുകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കളക്ടറുടെ നേതൃത്വത്തിൽ വനംവകുപ്പ്,ഡിസാസ്റ്റർ മാനേജ്മെന്റുകളുടെ യോഗം ചേർന്നിരുന്നു. അതനുസരിച്ചാണ് ഇക്കാര്യത്തിൽ വിദഗ്ദ്ധരായവരെ കണ്ടെത്തി ചുമതലപ്പെടുത്താൻ നിർദേശിച്ചത്.
കളക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ തേനീച്ചക്കൂടുകൾ വർഷങ്ങളായുണ്ട്.എന്നാൽ ഇവ ഇതിനുമുമ്പ് ആരെയും ഉപദ്രവിച്ചിട്ടില്ല.തേൻ ശേഖരിക്കുന്ന അന്യസംസ്ഥാനത്തുനിന്നുള്ള സംഘം ഇടയ്ക്കിടെയെത്തി ഈ കൂടുകൾ നീക്കം ചെയ്ത് തേൻ ശേഖരിച്ച് വിൽക്കുമായിരുന്നു.എന്നാൽ കുറെനാൾ കഴിയുമ്പോൾ വീണ്ടും കൂടുകൾ രൂപപ്പെടും.